മികച്ച വനിതാ താരത്തിനുള്ള ചരിത്രത്തിലെ ആദ്യ ബാലൻ ദി ഓർ സ്വന്തമാക്കിയ അദ ഹെഗെർബെർഗ് എന്ന ലിയോണിന്റെ സ്ട്രൈക്കർക്ക് ഈ ജൂണിൽ നടക്കുന്ന വനിതാ ലോകകപ്പിൽ കളിക്കില്ല. നോർവേ താരമായ അദയെ രാജ്യത്തിനു വേണ്ടി കളിപ്പിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതായി നോർവേ വനിതാ ടീം കോച്ച് മാർട്ടിൻ പറഞ്ഞു. നോർവേ വനിതാ ഫുട്ബോൾ താരങ്ങൾക്ക് വില നൽകുന്നില്ല എന്ന പ്രതിഷേധത്തിൽ 2017 മുതൽ രാജ്യത്തിനു വേണ്ടി അദ കളിക്കുന്നില്ല.
ഈ ലോകകപ്പിൽ എങ്കിലും അദ കളിക്കും എന്നാണ് കരുതിയത്. എന്നാൽ നോർവേ വജിതാ ഫുട്ബോൾ താരങ്ങളുടെ കാര്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നതിനാൽ രാജ്യത്തിനായി കളിക്കണ്ട എന്ന് അദ തീരുമാനിക്കുകയായിരുന്നു. 23കാരിയായ അദ ലോക വനിതാ ഫുട്ബോളിലെ മികച്ച സ്ട്രൈക്കറിൽ ഒരാളാണ്.
കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ മാത്രം അദ നേടിയത് 15 ഗോളുകളായിരുന്നു. വനിതാ ചാമ്പ്യൻസ്ലീഗിൽ അത് പുതിയ റെക്കോർഡ് ആയി മാറിയിരുന്നു. 23കാരിയായ നോർവ സ്ട്രൈക്കർ ഈ സീസണിലും ഗംഭീര ഫോമിലാണ്. ഇപ്പോൾ ലിയോണിന് ഒപ്പം ഫ്രഞ്ച് ലീഗ് നേടിയ അദ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും ഉണ്ട്.