ബഹ്റൈനെ അഞ്ചു ഗോളിന് തകർത്ത് ഇന്ത്യൻ വനിതകൾ

ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം കഷ്ടപ്പെടുക ആണെങ്കിൽ ഇന്ത്യൻ വനിതാ ടീം മികച്ച പ്രകടനം തുടരുകയാണ്. ഇന്ന് സൗഹൃദ മത്സരത്തിൽ ബഹ്റൈനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. മനാമയിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ സമ്പൂർണ്ണ ആധിപത്യമായിരുന്നു കാണാൻ കഴിഞ്ഞത്. പതിമൂന്നാം മിനുട്ടിൽ സംഗീത ആണ് ഇന്ത്യക്ക് ലീഡ് നൽകിയത്. 19ആം മിനുട്ടിൽ പ്യാരി ലീഡ് ഇരട്ടിയാക്കി. 34ആം മിനുട്ടിൽ ഇന്ദുമതിയുടെ ഗോൾ കൂടെ ആയതോടെ ആദ്യ പകുതി ഇന്ത്യ 3-0ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ പ്യാരിയും മനീഷയും സ്കോർ ചെയ്തതോടെ കളി 5-0ന് ഇന്ത്യ സ്വന്തമാക്കി. ഈ ടൂറിലെ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. ഇനി ചൈനീസ് തായ്പൈയെ കൂടെ ഇന്ത്യ നേരിടും. ഏഷ്യൻ കപ്പിന്റെ ഒരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ ഈ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.