വനിതാ ലോകകപ്പിൽ ക്ലാസിക്ക് പോരാട്ടം. ഇന്ന് ഓസ്ട്രേലിയയും ബ്രസീലും നേർക്കുനേർ വന്ന പോരാട്ടത്തിൽ ഓസ്ട്രേലിയ വിജയിച്ചത് ഒരു അത്ഭുത തിരിച്ചുവരവിലൂടെ ആയിരുന്നു. കളിയിൽ 2-0ന് പിറകിൽ പോയ ഓസ്ട്രേലിയ തിരിച്ചടിച്ച് 3-2ന്റെ വിജയം നേടുന്നതാണ് ഇന്ന് കണ്ടത്. 1995ന് ശേഷം ആദ്യമായണ് ലോകകപ്പിൽ ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പരാജയപ്പെടുന്നത്.
ഇന്ന് കളിയുടെ 27ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മാർതയാണ് ബ്രസീലിനെ മുന്നിൽ എത്തിച്ചത്. അതിനു പിന്നാലെ ക്രിസ്റ്റ്യാനേയിലൂടെ ബ്രസീൽ രണ്ടാം ഗോളും നേടി. ഹെഡറിലൂടെ ആയിരുന്നു ക്രിസ്റ്റ്യാനേയുടെ ഗോൾ. ക്രിസ്റ്റ്യാനേയുടെ ലോകകപ്പിലെ നാലാം ഗോളായിരുന്നു ഇത്. രണ്ടാം ഗോൾ വീണ ശേഷമാണ് ഓസ്ട്രേലിയക്ക് ജീവൻ വെച്ചത്.
44ആം മിനുട്ടിൽ ഫൂർർഡിലൂടെ ഒരു ഗോൾ ഓസ്ട്രേലിയ മടക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഗാർസോയിലൂടെ രണ്ടാം ഗോളും വന്നു. സ്കോർ 2-2. വീണ്ടും അറ്റാക്ക് ചെയ്ത ഓസ്ട്രേലിയ 66ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ വിജയവും ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ ഇറ്റലിയോട് തോറ്റിരുന്ന ഓസ്ട്രേലിയക്ക് ഈ വിജയം പ്രതീക്ഷകൾ തിരികെ നൽകി.