വനിത സൂപ്പർ ലീഗിൽ നിർണായക പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തം മൈതാനത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആഴ്‌സണൽ. അഞ്ചാം നിമിഷം മത്സരത്തിൽ പുറകിൽ നിന്ന ശേഷമാണ് ആഴ്‌സണൽ മത്സരത്തിൽ തിരിച്ചു വന്നു ജയിച്ചത്. ജയത്തോടെ 16 മത്സരങ്ങളിൽ നിന്നു 38 പോയിന്റുകളും ആയി ആഴ്‌സണൽ ലീഗിൽ രണ്ടാമത് എത്തി. ഒരു മത്സരം അധികം കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 3 പോയിന്റുകൾ മുന്നിൽ ഒന്നാമത് നിൽക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റി മൂന്നാമതും ചെൽസി നാലാമതും ആണ്. ഈ നാലു ടീമുകളും തമ്മിൽ കിരീട പോരാട്ടത്തിന് കടുത്ത പോരാട്ടം ആണ് ഇംഗ്ലണ്ടിൽ നടക്കുന്നത്.
മത്സരത്തിൽ അഞ്ചാം മിനിറ്റിൽ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ പ്രവേശനവും ആയി എത്തിയ ആഴ്‌സണലിനെ സിറ്റി ഞെട്ടിച്ചു. കെല്ലിയുടെ പാസിൽ നിന്നു ഷോ ഗോൾ നേടി. എന്നാൽ രണ്ടാം പകുതിയിൽ ആഴ്‌സണലിന്റെ ഉഗ്രൻ തിരിച്ചു വരവ് കാണാൻ ആയി. ചാമ്പ്യൻസ് ലീഗിൽ ബയേണിന് എതിരെ ലോകോത്തര ഗോൾ നേടിയ ഫ്രിദ മാനം ഇത്തവണ 62 മത്തെ മിനിറ്റിൽ കേറ്റി മകബെയുടെ പാസിൽ നിന്നു ഗോൾ നേടി. തുടർന്ന് 74 മത്തെ മിനിറ്റിൽ ഫ്രിദ മാനം അവസരം ഒരുക്കിയപ്പോൾ കേറ്റി മകബെ ആഴ്‌സണൽ ജയം പൂർത്തിയാക്കി. പ്രധാന താരങ്ങൾ വലിയ പരിക്കേറ്റു പുറത്തായിട്ടും ആഴ്‌സണൽ വനിതകൾ സീസണിൽ അവിശ്വസനീയ പ്രകടനം തന്നെയാണ് പുറത്ത് എടുക്കുന്നത്.