തമിഴ്നാട് നൈവേലി ലിഗ്നൈറ്റ് കോർപ്പറേഷന്റെയും നൈയ്വേലി ടൗൺ ഫുട്ബോൾ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ദക്ഷിണേന്ത്യൻ ഇന്റർ കോളേജിയേറ്റ് വനിതാ ഫുട്ബോൾ ടൂർണ്ണമെന്റിൽ അണ്ണാമലൈ യൂണിവേഴ്സിറ്റി ബി. ടീമിനെ ടൈബ്രേക്കറിലൂടെ (4-2) പരാജയപ്പെടുത്തി അണ്ണാമലൈ യൂണിവേഴ്സിറ്റി എ.ടീം ജേതാക്കളായി. ഒരാഴ്ചയായി തെന്നിന്ത്യയിലെ പ്രസിദ്ധമായ എട്ടു കോളേജുകളുടെ വനിതാ ടീമുകൾ ലീഗ് അടിസ്ഥാനത്തിൽ മാറ്റുരച്ചതിന് ശേഷം ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന രണ്ട് സെമി ഫൈനലുകളിൽ അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ എ, ബി ടീമുകൾ വിജയം കണ്ടതോടെ ഇന്ന് ഫൈനൽ അണ്ണമലൈയുടെ ഇരു ടീമുകൾ തമിലുള്ള വീറും വാശിയും നിറഞ്ഞ പോരാട്ടമായി മാറി. ഇന്നത്തെ ഫൈനൽ മത്സരത്തിലുടനീളം മികവ് പുലർത്തിയത് അണ്ണാമലൈയുടെ രണ്ടാം നിരയായിരുന്നെങ്കിലും ടൈബ്രേക്കറിൽ തങ്ങളുടെ സീനിയേഴ്സിന് മുന്നിൽ അവർക്ക് കാലിടറി.
ഏതാനും വർഷങ്ങളായി അണ്ണാമലൈ യൂണിവേഴ്സിറ്റി ഇന്ത്യയിലെ വനിതാ ഫുട്ബോൾ രംഗത്ത് ഒരു നിർണ്ണായ ശക്തിയായി തുടരുകയാണ്. നിലവിൽ അണ്ണാമലൈ യൂണിവേഴ്സിറ്റിയ്ക്കാണ് ദക്ഷിണേന്ത്യൻ അന്തർ സർവ്വകലാ വനിതാ കിരീടവും ആൾ ഇന്ത്യാ അന്തർ സർവ്വകലാശാലാ വനിതാ കിരീടവും.
അണ്ണാമലൈ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെ സീനിയർ പ്രൊഫസർമാരായ ഡോ.എം.രാജശേഖരനും, ഡോ.കെ ശിവകുമാറുമാണ് ടീമിന്റെ പരിശീലകർ.