വീണു കിട്ടിയ പെനാൾട്ടി കളഞ്ഞ് ഇംഗ്ലണ്ട്, അമേരിക്ക വീണ്ടും ലോകകപ്പ് ഫൈനലിൽ

വനിതാ ലോകകപ്പ് ഫുട്ബോളിൽ വീണ്ടും അമേരിക്ക ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് അലക്സ് മോർഗനും സംഘവും ഫൈനലിലേക്ക് കടന്നത്. ഇംഗ്ലണ്ടിന്റെ ശക്തമായ പോരാട്ടം തന്നെ കണ്ട മത്സരത്തിൽ അമേരിക്കൻ ഗോൾ കീപ്പർ അലിസ നേഹറിന്റെ പെനാൾട്ടി സേവാണ് അമേരിക്കയെ രക്ഷിച്ചത്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അമേരിക്കയുടെ വിജയം. അവസാന രണ്ടു മത്സരങ്ങളിലെയും താരമായ റപീന ഇല്ലാതെ ഇറങ്ങിയിട്ടും മത്സരത്തിൽ മികച്ച തുടക്കം തന്നെ അമേരിക്കയ്ക്ക് ലഭിച്ചു. മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ അമേരിക്ക ലീഡ് എടുത്തു. ക്രിസ്റ്റൻ പ്രസിന്റെ ഹെഡറായിരു‌നു ലീഡ് നൽകിയത്. എന്നാൽ ശക്തമായി തിരിച്ചടിച്ച ഇംഗ്ലണ്ട് വൈറ്റിലൂടെ 19ആം മിനുട്ടിൽ സമനില പിടിച്ചു.

കളിയിൽ പന്ത് കൂടുതൽ കൈവശം വെച്ചത് ഇംഗ്ലണ്ട് ആണെങ്കിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അമേരിക്ക ആയിരുന്നു മുന്നിൽ. അങ്ങനെ ഒരു അവസരം മുതലെടുത്ത് 31ആം മിനുട്ടിൽ അലക്സ് മോർഗൻ വീണ്ടും അമേരിക്കയെ മുന്നിൽ എത്തിച്ചു. പിന്നീട് അമേരിക്കൻ ഡിഫൻസിനെ നിരന്തരം പരീക്ഷിച്ച ഇംഗ്ലണ്ട് വൈറ്റിലൂടെ വീണ്ടും ഗോൾ നേടിയെങ്കിലും വാർ ഓഫ്സൈഡ് വിളിച്ചു.

അതു കഴിഞ്ഞ് കുറച്ച് മിനുട്ടുകൾക്ക് ശേഷം വൈറ്റിനെ ഫൗൾ ചെയ്തതിന് ഇംഗ്ലണ്ടിന് ഒരു പെനാൾട്ടിയും ലഭിച്ചു. റീപ്ലേയിൽ ഫൗൾ ആണെന്ന് തോന്നിയില്ല എങ്കിലും വാർ നോക്കി റഫറി പെനാൾട്ടി കൊടുക്കുകയായിരുന്നു. എന്നാൽ പെനാൾട്ടി എടുത്ത ക്യാപ്റ്റൻ ഹൗട്ടണ് പിഴച്ചു. വലത്തോട്ട് ചാടിയ നേഹർക്ക് പിഴച്ചുമില്ല. അവസാന നിമിഷങ്ങളിൽ വൈറ്റിന് ചുവപ്പ് കണ്ട് ഇംഗ്ലീഷ് ടീം 10 പേരായി ചുരുങ്ങുക കൂടെ ചെയ്തതോടെ അമേരിക്കൻ വിജയം ഉറച്ചു.

അമേരിക്കയുടെ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനലാണിത്. ഹോളണ്ടും സ്വീഡനും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയികളെ ആകും അമേരിക്ക ഫൈനലിൽ നേരിടുക.

Previous articleരണ്ടാം റൗണ്ടിൽ അനായാസം കടന്നു സെറീന,പരിക്കേറ്റു പിന്മാറി ഷറപ്പോവ
Next articleആന്റി മുറെ വിംബിൾഡൺ കളിക്കും സെറീന വില്യംസിനൊപ്പം