മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ വിപണിയിൽ ഇതിനകം രണ്ട് വലിയ നീക്കങ്ങൾ നടത്തി കഴിഞ്ഞു. കഴിഞ്ഞ സീസണിൽ 15 ലീഗ് ഗോളുകൾ നേടിയ കുഞ്ഞ്യയെയും 20 ഗോളുകൾ നേടിയ എംബ്യൂമയെയും അവർ ടീമിലെത്തിച്ചു. കടലാസിൽ, ഇത് മതിയായ ആക്രമണശേഷിയാണെന്ന് തോന്നാം. എന്നാൽ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, യുണൈറ്റഡിന്റെ മുന്നേറ്റനിരയിലെ ആഴത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് വ്യക്തമാണ്.
ക്ലബ്ബിന് ഇനി വേണ്ടത് സേവനം കാത്തിരിക്കുന്ന ഒരു സ്ട്രൈക്കറെയല്ല. ഗോൾ നേടുന്നതിലുപരിയായി മുഴുവൻ ആക്രമണത്തെയും ഉയർത്തുന്ന, ഗോൾ അടിക്കാനും ലിങ്ക് അപ്പ് പ്ലേക്കും പറ്റുന്ന ഒല്ലി വാറ്റ്കിൻസിനെപ്പോലെയുള്ള ഒരു മുന്നേറ്റനിര താരത്തെയാണ്.

വെറുമൊരു ഫിനിഷർ മാത്രമല്ല, ഒരു സമ്പൂർണ്ണ ഫോർവേഡ്
ഒല്ലി വാറ്റ്കിൻസ് വെറുമൊരു സാധാരണ നമ്പർ നൈൻ താരമല്ല. അദ്ദേഹത്തിന് ഗോളടിക്കാൻ കഴിയും, എന്നാൽ അതിലുപരിയായി, ചുരുക്കം ചില മുന്നേറ്റനിര താരങ്ങൾക്ക് മാത്രം കഴിയുന്ന തരത്തിൽ കളി മുന്നോട്ട് കൊണ്ടുപോകാനും, അവസരങ്ങൾ സൃഷ്ടിക്കാനും, പ്രതിരോധനിരയെ പ്രസ് ചെയ്യാനും അദ്ദേഹത്തിന് സാധിക്കും. കഴിഞ്ഞ സീസണിൽ വാറ്റ്കിൻസ് 14 അസിസ്റ്റുകൾ നൽകി, അതിനുമുമ്പുള്ള സീസണിൽ 15 അസിസ്റ്റുകളും നേടി. ഈ കണക്കുകൾ ശ്രദ്ധേയമാണ്. ബെഞ്ചമിൻ സെസ്കോ, നിക്കോളാസ് ജാക്സൺ തുടങ്ങിയ പേരുകൾക്ക് ആയി യുണൈറ്റഡ് ശ്രമിക്കുന്നുണ്ട് എങ്കിലും, അവരുടെ ക്രിയാത്മകമായ സംഭാവനകൾ വാറ്റ്കിൻസിന്റെ അടുത്തെങ്ങുമെത്തുന്നില്ല.
സെസ്കോ രണ്ട് സീസണുകളിൽ നിന്ന് 6 അസിസ്റ്റുകൾ മാത്രമാണുള്ളത്, ജാക്സൺ കഴിഞ്ഞ സീസണിൽ 6 അസിസ്റ്റുകളിൽ ഒതുങ്ങുന്നു. വാറ്റ്കിൻസ് തികച്ചും വ്യത്യസ്തമായ തലത്തിലാണ് പ്രവർത്തിക്കുന്നത്.

വാറ്റ്കിൻസ്, കുഞ്ഞ്യ, എംബ്യൂമോ, ഭയപ്പെടുത്തുന്ന ഒരു മുന്നേറ്റനിര
മാത്യൂസ് കുഞ്ഞ്യ, ഒല്ലി വാറ്റ്കിൻസ്, ബ്രയാൻ എംബ്യൂമോ എന്നിവരുൾപ്പെടുന്ന ഒരു മുന്നേറ്റനിര സങ്കൽപ്പിക്കുക. സമീപ വർഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന് ഇല്ലാത്ത എല്ലാം അതിലുണ്ടാകും, ഒഴുക്കോടെയുള്ള, പ്രവചനാതീതമായ, ആക്രമണോത്സുകമായ, സാങ്കേതികമായി മികച്ച ഒരു ഫോർവേഡ് നിരയായിരിക്കും അത്. ഇത് പ്രതീക്ഷയില്ലാത്ത ക്രോസുകളെയോ നിരാശാജനകമായ ത്രൂ ബോളുകളെയോ മാത്രം ആശ്രയിക്കുന്ന ഒരു സ്റ്റാറ്റിക് മുന്നേറ്റനിരയായിരിക്കില്ല. ഗോളിന് മുന്നിൽ ഉത്തരവാദിത്തം പങ്കിടുന്ന ഒരു സംവിധാനമായിരിക്കും ഇത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ പല സമയങ്ങളിലും ഇതിന് സമാനമായ ചില മിന്നലാട്ടങ്ങൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും, സ്ഥിരതയാർന്ന ഒരു ഫോർവേഡ് കൂട്ടുകെട്ട് യുണൈറ്റഡിന് അടുത്ത് ഒന്നും ഉണ്ടായിട്ടില്ല. റൊണാൾഡോ, ടെവസ്, റൂണി, ബെർബ എന്നിവരടങ്ങുന്ന സുവർണ്ണ അറ്റാക്കിംഗ് കാലഘട്ടത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്തരം ചലനാത്മകമായ കൈമാറ്റങ്ങൾക്ക് കഴിവുള്ള ഒരു മുന്നേറ്റനിര ഉണ്ടായിട്ടില്ല. ഒലെയുടെ തുടക്കത്തിൽ റാഷ്ഫോർഡ്-ലിംഗാർഡ്-മാർഷ്യൽ കൂട്ടുകെട്ട് ഒരു പ്രതീക്ഷ തന്നെങ്കിലും അത് എവിടെയും എത്താതെ പോയി.
വാറ്റ്കിൻസ് ഗോളുകളും അസിസ്റ്റുകളും മാത്രമല്ല അറ്റാക്കിംഗ് ത്രയത്തിന് ഘടനയും കെമിസ്ട്രിയും കൊണ്ടുവരും.

ശരിയായ കളിക്കാരൻ, ശരിയായ സമയത്ത്
ഇത് വെറുതെ പണം ചെലവഴിക്കുന്നതിനെക്കുറിച്ചല്ല. ശരിയായ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചാണ്. സാങ്കേതികമായി കഴിവുള്ള, തന്ത്രപരമായി അച്ചടക്കമുള്ള, അക്ഷീണം അധ്വാനിക്കുന്ന ഒരു ആധുനിക ഫോർവേഡിന്റെ മാതൃകയ്ക്ക് വാറ്റ്കിൻസ് അനുയോജ്യനാണ്. ഉയർന്ന ടെമ്പോയിലുള്ള കളികളിൽ അദ്ദേഹം തിളങ്ങുന്നു, മുന്നിൽ നിന്ന് പ്രസ്സ് ചെയ്യുന്നു, മറ്റുള്ളവരെ കളിയിലേക്ക് കൊണ്ടുവരുന്നു.
യുണൈറ്റഡിന് ഫയർപവറുണ്ട്. അവർക്ക് ഇപ്പോൾ വേണ്ടത് എല്ലാം ഒന്നിപ്പിക്കുന്ന സ്ട്രൈക്കർ ആണ്. ആ കളിക്കാരനാകാൻ ഒല്ലി വാറ്റ്കിൻസിന് ആയേക്കും.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം, ആസ്റ്റൺ വില്ല ഒല്ലി വാറ്റ്കിൻസിനായി 60 ദശലക്ഷം പൗണ്ട് (ഏകദേശം 69 ദശലക്ഷം യൂറോ) ആണ് ആവശ്യപ്പെടുന്നത്. ഇത് ഒരു 50 മില്യണിൽ എത്തുകയോ വില്ല ഒരു ലോൺ നീക്കത്തിന് തയ്യാറാവുകയോ ചെയ്താലേ യുണൈറ്റഡ് വാറ്റ്കിൻസിനായി പൂർണ്ണമായും രംഗത്ത് വരാൻ സാധ്യതയുള്ളൂ.
ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിൽ ഇടം നേടേണ്ടത് കൊണ്ട് സ്ഥിരമായി സ്റ്റാർടിംഗ് ഇലവനിൽ കളിക്കാൻ കഴിയുന്ന ഒരു ക്ലബിലേക്ക് മാറാൻ വാറ്റ്കിൻസ് ആഗ്രഹിക്കുന്നുണ്ട്. പ്രീമിയർ ലീഗിൽ ചെൽസിക്ക് ഒപ്പം പരാജയപ്പെട്ട ജാക്സണെയോ 90 മില്യണോളം നൽകി സെസ്കൊയേയോ സ്വന്തമാക്കാൻ ആണ് ഇപ്പോൾ യുണൈറ്റഡ് ശ്രമിക്കുന്നത്. എന്നാൽ ചെറിയ വിലയിൽ വാറ്റ്കിൻസിനെ പോലെ പ്രീമിയർ ലീഗിൽ പ്രൂവ് ചെയ്യപ്പെട്ട സ്ട്രൈക്കറെ വാങ്ങി ആ വലിയ തുക മിഡ്ഫീൽഡിൽ യുണൈറ്റഡ് ചിലവഴിച്ചാൽ ടീമിന്റെ വളർച്ചയ്ക്ക് അതാകും ഗുണം ചെയ്യുക.