ലണ്ടൻ: വെസ്റ്റ് ഹാം യുണൈറ്റഡ് തങ്ങളുടെ മുഖ്യ പരിശീലകനായ ഗ്രഹാം പോട്ടറുമായി വഴിപിരിഞ്ഞു. എട്ട് മാസം നീണ്ട ഈ പരിശീലന കാലയളവിൽ ക്ലബ്ബിന് മോശം പ്രകടനവും പ്രതീക്ഷക്കൊത്തുയരാത്ത ഫലങ്ങളുമാണുണ്ടായത്. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതി മുതൽ 2025/26 പ്രീമിയർ ലീഗ് കാമ്പെയ്‌നിന്റെ തുടക്കം വരെയുള്ള മോശം പ്രകടനങ്ങളാണ് ഈ വേർപിരിയലിന് കാരണമായത്.

ബോർഡും ആരാധകരും വെച്ച പ്രതീക്ഷക്കൊത്ത് ഫലങ്ങളോ കളിയുടെ ശൈലിയോ ഉയരാത്തതിനാലാണ് പുതിയ നേതൃത്വത്തെ തേടാൻ ക്ലബ്ബ് നിർബന്ധിതരായതെന്ന് വെസ്റ്റ് ഹാം ഔദ്യോഗിക പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. പ്രീമിയർ ലീഗിലെ തങ്ങളുടെ നില മെച്ചപ്പെടുത്താനാണ് പുതിയ മാറ്റത്തിലൂടെ ക്ലബ്ബ് ലക്ഷ്യമിടുന്നത്.
അസിസ്റ്റന്റ് കോച്ച് ബ്രൂണോ സാൾട്ടർ, ഫസ്റ്റ് ടീം കോച്ചുമാരായ ബില്ലി റീഡ്, നർസിസ് പെലാച്ച്, ഗോൾകീപ്പർ കോച്ചുമാരായ കാസ്പർ അങ്കർഗ്രെൻ, ലിനസ് കണ്ടോളിൻ എന്നിവരും ക്ലബ്ബിൽ നിന്ന് വിട്ടുപോകും. ബ്രൈറ്റൺ വിട്ട ശേഷാം പരിശീലകനായി തിളങ്ങാൻ ഇതുവരെ പോട്ടറിന് ആയിട്ടില്ല.