സൗദി അറേബ്യയിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ തള്ളികളഞ്ഞ് വിനീഷ്യസ് ജൂനിയർ. റയൽ മാഡ്രിഡ് മാത്രമാണ് തന്റെ ഭാവി എന്ന് താരം ഇന്നലെ മത്സര ശേഷം പറഞ്ഞു. ക്ലബിനായി 100 ഗോളുകൾ എന്ന നാഴികക്കല്ല് ചാമ്പ്യൻസ് ലീഗ് മത്സരത്തോടെ വിനീഷ്യസ് പിന്നിട്ടിരുന്നു.
“എന്റെ ഭാവി?അത് റയൽ മാഡ്രിഡാണ്” വിനീഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു. “ഞാൻ ഒരു കുട്ടിയായിട്ടാണ് ഇവിടെ വന്നത്, ഇപ്പോൾ ഈ ക്ലബ്ബിന്റെ ചരിത്രത്തിൽ ഇടം നേടാൻ കഴിയുന്നത് എന്നെ ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ വ്യക്തിയാക്കുന്നു.” ബ്രസീലിയൻ താരം പറഞ്ഞു.
തന്റെ യാത്രയിലുടനീളം നൽകിയ പിന്തുണയ്ക്ക് സഹതാരങ്ങൾക്ക് നന്ദി പറയാനും 23 കാരനായ വിംഗർ ഈ അവസരം ഉപയോഗിച്ചു. “ഈ നാഴികകല്ലിൽ എത്താൻ എന്നെ സഹായിച്ചതിന് എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.” അദ്ദേഹം കൂട്ടിച്ചേർത്തു.