വിൻസെൻസോ ഇറ്റാലിയാനോ 2027 വരെ നീളുന്ന പുതിയ കരാർ ബൊളോണയുമായി ഒപ്പുവച്ചു. ഇറ്റാലിയാനോയും ബൊളോണയുടെ മാനേജ്‌മെൻ്റും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത് എന്ന് സ്കൈ സ്പോർട് ഇറ്റാലിയയും ലാ ഗസറ്റ ഡെല്ലോ സ്പോർട്ടും റിപ്പോർട്ട് ചെയ്യുന്നു.
2024-25 സീസണിന് മുന്നോടിയായി ബൊളോണയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത 47 കാരനായ ഇറ്റാലിയാനോ ആദ്യം 2026 ജൂൺ വരെയായിരുന്നു കരാർ ഒപ്പുവച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു വർഷം കൂടി അദ്ദേഹം ക്ലബ്ബുമായി കരാർ പുതുക്കിയിട്ടുണ്ട്. ഇതിലൂടെ അദ്ദേഹത്തിൻ്റെ വാർഷിക വരുമാനം ബോണസുകൾ ഉൾപ്പെടെ 3 ദശലക്ഷം യൂറോയായി ഉയരും.
കഴിഞ്ഞ സമ്മറിൽ ജോഷ്വ സിർക്‌സി, റിക്കാർഡോ കലാഫിയോരി തുടങ്ങിയ പ്രധാന കളിക്കാരെ വിറ്റതിന് ശേഷവും ഇറ്റാലിയാനോയുടെ കീഴിൽ ബൊളോണ മികച്ച പ്രകടനം കാഴ്ചവെച്ചു. 51 വർഷത്തിനിടയിലെ അവരുടെ ആദ്യ കോപ്പ ഇറ്റാലിയ കിരീടം നേടാനും സീസണിന്റെ അവസാന മത്സരങ്ങൾ വരെ സീരി എയിൽ ആദ്യ നാലിൽ സ്ഥാനത്തിനായി മത്സരിക്കാനും ടീമിന് സാധിച്ചു.