മുൻ താരം ടാമി എബ്രഹാമിനെ വീണ്ടും ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആസ്റ്റൺ വില്ല ഊർജ്ജിതമാക്കി. തുർക്കി ക്ലബ്ബായ ബെസിക്റ്റാസിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ താരത്തെ സ്വന്തമാക്കാനാണ് വില്ലയുടെ നീക്കം. നിലവിൽ എഎസ് റോമയിൽ നിന്ന് വായ്പാ അടിസ്ഥാനത്തിൽ ബെസിക്റ്റാസിനായി കളിക്കുന്ന 28-കാരനായ ടാമി എബ്രഹാം, വില്ല പാർക്കിലേക്ക് മടങ്ങാൻ വ്യക്തിപരമായി താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
ഈ സീസണിൽ ബെസിക്റ്റാസിനായി 26 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ താരം മികച്ച ഫോമിലാണ്. പ്രീമിയർ ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഉനായ് എമെറിയുടെ ടീമിന്, മുന്നേറ്റ നിരയിലെ പരിക്കുകൾ പരിഹരിക്കാൻ എബ്രഹാമിന്റെ വരവ് വലിയ കരുത്താകും.
2018-19 സീസണിൽ ആസ്റ്റൺ വില്ലയെ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിക്കുന്നതിൽ ടാമി എബ്രഹാം നിർണ്ണായക പങ്ക് വഹിച്ചിരുന്നു. അന്ന് വില്ലയ്ക്കായി 40 മത്സരങ്ങളിൽ നിന്ന് 26 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
ഡോണിയൽ മാലനെ റോമയ്ക്ക് വിറ്റൊഴിഞ്ഞ സാഹചര്യത്തിൽ ഒരു മികച്ച സ്ട്രൈക്കറെ തേടുന്ന വില്ലയ്ക്ക് എബ്രഹാം തികച്ചും അനുയോജ്യനായ താരമാണ്. എന്നാൽ ബെസിക്റ്റാസിന് പകരക്കാരനായി മറ്റൊരു സ്ട്രൈക്കറെ ലഭിച്ചാൽ മാത്രമേ ഈ നീക്കം പൂർണ്ണമാകൂ. ക്ലബ്ബുകൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.









