റഷ്യയുടെ ഉക്രൈൻ അധിനിവേശം കണക്കിലെടുത്ത് റഷ്യയിലെയും ഉക്രൈബികെയുൻ ഫുട്ബോൾ താരങ്ങൾക്കും പരിശീലകർക്കും ഫിഫ പ്രത്യേകം ഇളവ് പ്രഖ്യാപിച്ചു. ഈ രണ്ട് രാജ്യങ്ങളിലും പ്രവർത്തിക്കുന്നവർക്ക് കരാർ ദൈർഘ്യം നോക്കാതെ തന്നെ കരാർ റദ്ദാക്കി കൊണ്ട് ഈ രാജ്യങ്ങൾ വിടാം എന്ന് ഫിഫ പറഞ്ഞു. കരാർ റദ്ദാക്കിയാൽ യാതൊരു നടപടിയും ഫിഫയിൽ നിന്ന് ഉണ്ടാകില്ല എന്നും ഫിഫ ഇന്ന് അറിയിച്ചു.
റഷ്യയിലും ഉക്രെയ്നിലും ജോലി ചെയ്യുന്ന വിദേശ ഫുട്ബോൾ താരങ്ങൾക്കും പരിശീലകർക്കും അവരുടെ കരാർ താൽക്കാലികമായി നിർത്തി മറ്റെവിടെയെങ്കിലും മാറാൻ അനുവദിക്കുമെന്നും ഫിഫ തിങ്കളാഴ്ച അറിയിച്ചു. ഉക്രെയ്‌ൻ അധിനിവേശത്തെത്തുടർന്ന് സ്‌പോർട്‌സ് ബോഡികൾ റഷ്യയെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കിയിരിക്കുകയാണ്.
“റഷ്യയിലെ സീസൺ അവസാനിക്കുന്നത് വരെ (ജൂൺ 30) തൊഴിൽ കരാർ ഏകപക്ഷീയമായി താൽക്കാലികമായി നിർത്തിവയ്ക്കാൻ വിദേശ കളിക്കാർക്കും പരിശീലകർക്കും അവകാശമുണ്ട്,” ലോക ഫുട്ബോൾ ഗവേണിംഗ് ബോഡി പ്രസ്താവനയിൽ പറഞ്ഞു. “കളിക്കാരും പരിശീലകരും 2022 ജൂൺ 30 വരെ ‘കരാറിന് പുറത്തായി’ പരിഗണിക്കപ്പെടും, അതിനാൽ ഏതെങ്കിലും തരത്തിലുള്ള അനന്തരഫലങ്ങൾ നേരിടാതെ മറ്റൊരു ക്ലബ്ബുമായി കരാർ ഒപ്പിടാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്.” എന്നും പ്രസ്താവനയിൽ പറയുന്നു.