യൂറോപ്യൻ ഫുട്ബോൾ പിളരുന്നു, സൂപ്പർ ലീഗിന്റെ പേരിൽ വമ്പൻ ക്ലബുകൾ യുവേഫയ്ക്ക് എതിരെ

20210411 012746
- Advertisement -

യൂറോപ്യൻ ഫുട്ബോളിന് ഇത് ഒരുപാട് വേദനകളും ആശങ്കകളും നൽകുന്ന ദിവസമാണ്. യൂറോപ്പിലെ 12 വൻ ക്ലബുകൾ ചേർന്ന് സൂപ്പർ ലീഗ് ആരംഭിക്കാൻ ആലോചിക്കുന്നതും ഇതിനെ യുവേഫയും ഫുട്ബോൾ ലോകവും ഒരുപോലെ എതിർക്കുന്നതും അവസാന കുറേകാലമായി നടക്കുന്നതാണ്. ഫിഫയും യുവേഫയും ഒക്കെ നിരന്തരം സൂപ്പർ ലീഗ് എന്ന ആശയത്തെ എതിർത്തിരുന്നു. എന്നാൽ ആ എതിർപ്പുകളെ മറികടന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും സീരി എയിലെയും ലാലിഗയിലെയും പ്രധാന ക്ലബുകൾ ചേർന്ന് സൂപ്പർ ലീഗ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, ലിവർപൂൾ, ടോട്ടനം, സ്പാനിഷ് ക്ലബുകളായ റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, ഇറ്റാലിയൻ ക്ലബുകളായ എ സി മിലാൻ, യുവന്റസ്, ഇന്റർ മിലാൻ എന്നിവരാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന പുതിയ ആശയത്തിൽ ഉള്ളത്. ലോക ഫുട്ബോളിലെ ചെറിയ ക്ലബുകളെ സാമ്പത്തികമായി തകർത്തേക്കാവുന്നതും വലിയ ക്ലബുകളെ കൂടുതൽ സമ്പന്നമാക്കുന്നതും ആയിരിക്കും ഈ പുതിയ ആശയം.

ഫുട്ബോളിന്റെ നിലനിൽപ്പിനെയും ഫുട്ബോൾ സംസ്കാരങ്ങളെയും തന്നെ സാരമായി ബാധിച്ചേക്കാവുന്ന ഈ നീക്കത്തിന് എതിരാണ് ഭൂരിപക്ഷം ഫുട്ബോൾ പ്രേമികളും. ഇപ്പോൾ ഉള്ള 12 ക്ലബുകൾക്ക് പുറമെ ബയേൺ, പി എസ് ജി പോലുള്ള ക്ലബുകളും സൂപ്പർ ലീഗിലേക്ക് എത്തിയേക്കും. സൂപ്പർ ലീഗിൽ കളിക്കുന്നവരെ ഒക്കെ യുവേഫയും മറ്റു അസോസിയേഷനുകളും വിലക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു. അത്തരം വിലക്കു നടപടികൾ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. അങ്ങനെ വന്നാൽ ഈ പന്ത്രണ്ടു ക്ലബുകൾ അവരുടെ ലീഗിൽ നിന്നും ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് പോരാട്ടങ്ങളിൽ നിന്നും വിലക്ക് നേരിടും. ഇത്തവണത്തെ ബാക്കിയുള്ള ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് പോരാട്ടങ്ങൾ നടക്കില്ല എന്നും ലീഗ് കിരീടങ്ങൾ ഈ ക്ലബുകൾ ഒന്നിനും നൽകില്ല എന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്തായാലും ലോക ഫുട്ബോളിന്റെ ഘടന തന്നെ മാറ്റുന്ന കാര്യങ്ങൾ ആകും വരും ദിവസങ്ങളിൽ നടക്കുക.

Advertisement