യുവതാരം ലെറോയ് സാനെ യുവേഫ നേഷൻസ് ലീഗിനായുള്ള ജർമ്മൻ ടീം വിട്ടത് മകൾക്ക് വേണ്ടി. ട്വിറ്ററിലൂടെയാണ് താൻ അച്ഛനായ വിവരം സാനെ ലോകത്തോട് പങ്കു വെച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങർ സാനെ ജർമ്മൻ ദേശീയ ടീം കോച്ച് ജോവാക്കിം ലോയുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഇന്നലെ ടീം ഹോട്ടൽ വിട്ടിറങ്ങിയത്. പേഴ്‌സണൽ റീസണുകൾ പറഞ്ഞിട്ടാണ് യുവതാരം ടീം വിട്ടതെങ്കിലും ഒട്ടേറെ അഭ്യൂഹങ്ങൾ പടർന്നിരുന്നു. യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ പകരക്കാരനായി സാനെ ജർമ്മനിക്ക് വേണ്ടി ഇറങ്ങിയിരുന്നു.
Incredibly happy to let you know about the birth of my daughter last night ❤🙏🏾 Mother and child are doing fine. 😊👍🏾
— Leroy Sané (@leroy_sane) September 8, 2018
സാനെയുടെയും കൂട്ടുകാരി ക്യാൻഡിസ് ബ്രൂക്കിന്റെയും ആദ്യത്തെ കുട്ടിയാണ് ഇന്നലെ പിറന്നത്. കുട്ടിയുടെ ജനന സമയത്ത് ടീം ഹോട്ടൽ വിട്ട് പോകാൻ അനുവാദം നൽകിയ ജർമ്മൻ കോച്ചിനും ടീമിനും സാനെ നന്ദി അറിയിച്ചിട്ടുണ്ട്. മുപ്പത്തിയേഴ് മില്യൺ യൂറോ നൽകിയാണ് സാനെയെ ജർമ്മൻ ടീമായ ഷാൽകെയിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ലോക ചാമ്പ്യന്മാരും മുൻ ലോകചാമ്പ്യന്മാരും തമ്മിലുള്ള മത്സരം സമനിലയിലാണ് അവസാനിച്ചത്. റഷ്യൻ ലോകകപ്പിൽ ഇറങ്ങിയ അന്തിമ സ്‌ക്വാഡിൽ ഇടം നേടാൻ സാനെക്ക് സാധിച്ചിരുന്നില്ല.