ബെൽജിയം ഡെന്മാർക്ക് മത്സരത്തിൽ എറിക്സണ് വേണ്ടി ഒരു നിമിഷം

ഇന്ന് നടക്കുന്ന ബെൽജിയവും ഡെന്മാർക്കും തമ്മിലുള്ള മത്സരത്തിനിടയിൽ ഇരു ടീമുകളും അല്പസമയം ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സണ് പിന്തുണ നൽകാനായി മാറ്റിവെക്കും. ഡെന്മാർക്കിന്റെ അവസാന മത്സരത്തിൽ കളിക്കിടെ എറിക്സൺ കുഴഞ്ഞു വീണതും അതിനു ശേഷം സംഭവിച്ച കാര്യങ്ങളും ഫുട്ബോൾ ലോകത്തെ ആകെ ആശങ്കയിലാക്കിയിരുന്നു. എറിക്സൺ ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്.

ഇന്ന് ഡെന്മാർക്കും ബെൽജിയവും കളത്തിൽ ഇറങ്ങുമ്പോൾ എറിക്സൺ ഡെന്മാർക്ക് ടീമിനൊപ്പം ഉണ്ടാകില്ല. ഇന്ന് മത്സരത്തിന്റെ പത്താം മിനുട്ടിൽ കളി നിർത്തി വെച്ച് ഒരു മിനുട്ട് എറിക്സണ് വേണ്ടി മാറ്റിവെക്കാൻ ആണ് ഇരുടീമുകളും തീരുമാനിച്ചിരിക്കുന്നത്. എറിക്സന്റെ ഇന്റർ മിലാനിലെ സഹതാരവും ഇന്ന് ബെൽജിയൻ ടീമിനായി കളിക്കുകയും ചെയ്യുന്ന ലുകാകുവാണ് ഈ തീരുമാനം ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്. ഇന്ന് പത്താം മിനുട്ടിൽ ഇരു ടീമുകളും എറിക്സണ് വേണ്ടി ഒരു മിനുട്ട് കയ്യടിക്കും. ആരാധകരും ഇവർക്കൊപ്പം ചേരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.