ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ഐ ടി കമ്പനികൾ മാറ്റുരയ്ക്കുന്ന “റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റിന്റെ ആറാം എഡിഷന് ടെക്നോപാർക്കിൽ ഉജ്ജ്വല തുടക്കം. സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ താരവുമായ യു. ഷറഫലിയാണ് ഐ ടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിന് തുടക്കം കുറിച്ചത്. നിലവിലെ ചാമ്പ്യന്മാരായ യു എസ് ടി യുടെ തിരുവനന്തപുരം സെന്റർ ഹെഡ് ശില്പാ മേനോനിൽ നിന്ന് ടൂർണമെന്റ് എവറോളിങ് ട്രോഫി ഷറഫലി ഏറ്റുവാങ്ങി. യു എസ് ടി ഡയറക്ടർ ഹരികൃഷ്ണൻ, ടൂർണമെന്റ് കൺവീനർ സനീഷ് കെ പി, തുടങ്ങിയവരുടെ സാനിധ്യത്തിൽ ഷറഫലി ഐ ടി ജീവനക്കാരുടെ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ടെക്നോപാർക് ഫേസ് 2 വിൽ നിന്നാരംഭിച്ച ട്രോഫിയും വഹിച്ചു കൊണ്ടുള്ള റാലി ഫേസ് 3,ഫേസ് 1 ക്യാമ്പസ് ചുറ്റി പാർക്ക് സെന്ററിന് സമീപം അവസാനിച്ചു.
റാലിയെ തുടർന്ന് ട്രാവൻകൂർ ഹാളിൽ നടന്ന ചടങ്ങിൽ ലീലാ അഷ്ടമുടി മാനേജർ സാം കെ ഫിലിപ്പ്, യൂഡി പ്രൊമോഷൻസ് സി ഇ ഓ എൻ. നാഗരാജൻ ലീലാ കോവളം മാനേജർ രാജേഷ് ഘോഷ്, പ്രതിധ്വനി സ്പോർട്സ് കൺവീനർ രജിത് വി പി, ടൂർണമെന്റ് കൺവീനർ സനീഷ് കെ പി, ജോയിന്റ് കൺവീനർമാരായ അഖിൽ കെ പി, റബീഷ് എം പി, പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗങ്ങളായ അജിൻ തോമസ് വിശാഖ് ഹരി തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടുത്തുകയും ക്യാപ്റ്റന്മാർ തങ്ങളുടെ ടീം ജേഴ്‌സികൾ പ്രദർശിപ്പിക്കുകയും ചെയ്തു.
‘റാവിസ് ഹോട്ടൽ ഗ്രൂപ്പി’ൻറയും ‘യൂഡി പ്രൊമോഷൻസ്’ ൻറെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ 93 ഐ ടി കമ്പനികളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഐ ടി ജീവനക്കാരാണ് പങ്കെടുക്കുന്നത്. ജൂലൈ 19 വരെ, രണ്ടു മാസത്തിൽ അധികം നീണ്ടു നിൽക്കുന്ന ടൂർണമെന്റിന്റെ ആദ്യ റൌണ്ട് മത്സരങ്ങൾ മെയ് 6 ശനിയാഴ്ച ടെക്നോപാർക് ഗ്രൗണ്ടിൽ ആരംഭിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും എവർ റോളിംഗ് ട്രോഫിയും കൂടാതെ റാവിസ് അഷ്ടമുടിയിൽ ഒരു ദിവസത്തെ താമസവും ലഭിക്കും. അതോടൊപ്പം റാവിസ് ഹോട്ടൽസും (Raviz Hotels) യൂഡിയും(Yoode Promotions) നൽകുന്ന നിരവധി സമ്മാനങ്ങളും വിജയികൾക്ക് ഉണ്ടാകും. ടൂർണമെന്റിലെ മികച്ച കളിക്കാരനും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും, മികച്ച ഗോൾകീപ്പർക്കും പ്രത്യേകം പുരസ്കാരങ്ങൾ ലഭിക്കും. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന് പ്ലയർ ഓഫ് ദി മാച്ച് ട്രോഫിയും ‘യൂഡി’ നൽകുന്ന പ്രത്യേകം സമ്മാനങ്ങളും ഉണ്ടാകും. മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും യൂഡിയും ചേർന്നൊരുക്കിയിട്ടുണ്ട്.
ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ആസിഫ് സഹീർ, സി കെ വിനീത്, കേരള ഫുട്ബോൾ ടീം നായകരായിരുന്ന ഇഗ്നേഷ്യസ്, ബിജേഷ് ബെൻ, പ്രമുഖ ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരൻ, കേരളത്തിന്റെ മന്ത്രിമാരായിരുന്ന ശ്രീ എ സി മൊയ്ദീൻ, ശ്രീ ഇ പി ജയരാജൻ, ശ്രീമതി മേഴ്‌സികുട്ടിയമ്മ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ മുഖ്യാതിഥികൾ ആയി പങ്കെടുത്തത്.
ഇൻഫോസിസ് ആയിരുന്നു ആദ്യ നാലുതവണയുംചാമ്പ്യന്മാർ. കഴിഞ്ഞ സീസണിൽ ഇൻഫോസിസിനെ തോൽപ്പിച്ച് യു എസ് ടി ഗ്ലോബൽ ചാമ്പ്യന്മാരായി. പ്രമുഖ ഐ ടികമ്പനികളെല്ലാം പങ്കെടുക്കുന്ന ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ’ ടൂർണമെൻറ് ഇന്ത്യയിൽ തന്നെ ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റാണ്.