അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ഉസ്ബെകിസ്താനെ ആണ് നേരിടുന്നത്. നിലവിലെ അണ്ടർ 23 ഏഷ്യൻ ചാമ്പ്യന്മാരാണ് ഉസ്ബെകിസ്ഥാൻ. ഇന്ത്യക്ക് ഒപ്പം ഉസ്ബെകിസ്ഥാനെ കൂടാതെ താജികിസ്താനും ഗ്രൂപ്പിൽ ഉണ്ട്. പാകിസ്ഥാനും ഗ്രൂപ്പിൽ ഉണ്ടായിരുന്നു എങ്കിലും പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പിൻ വാങ്ങുകയായിരുന്നു.
11 ഗ്രൂപ്പ് ചാമ്പ്യന്മാരും ഒപ്പം നാലു മികച്ച രണ്ടാം സ്ഥാനക്കരുമാണ് അണ്ടർ 23 ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുക. അതുകൊണ്ട് തന്നെ ഒന്നാം സ്ഥാനത്തിനു വേണ്ടി തന്നെയാകും ഇന്ത്യ പോരാടുക. ഡെറിക് പെരേര പരിശീലകനായി ചുമതലയെടുത്ത ശേഷം വരുന്ന ആദ്യത്തെ കടമ്പയാണ് ഈ യോഗ്യതാ മത്സരങ്ങൾ. നേരത്തെ സൗഹൃദ മത്സരത്തിൽ ഖത്തറിനോട് തോറ്റു എങ്കിലും മികച്ച പ്രകടനം നടത്താൻ ഇന്ത്യക്ക് ആയിരുന്നു. ഉസ്ബെകിസ്താനെ തോൽപ്പിക്കാൻ ഇന്ത്യക്ക് ആകുമെന്ന് ഡെറിക് പെരേര പറഞ്ഞു.
മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും രാഹുൽ കെ പിയും ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ധീരജ് സിംഗും ഇന്ത്യക്ക് വേണ്ടി ഇന്ന് ഇറങ്ങും. വൈകിട്ട് 5.30നാണ് മത്സരം നടക്കുക.