മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം വില്ലി കാംബ്‌വാള ക്ലബ് വിടാൻ സാധ്യത. മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ പുതിയ കരാർ ഓഫർ കാംബ്വാള നിരസിച്ചതായാണ് റിപ്പോർട്ടുകൾ. താരം ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ പുതിയ താരങ്ങളെ എത്തിക്കുന്നതിനാൽ തന്റെ അവസരം കുറയും എന്ന് മനസ്സിലാക്കിയാണ് യുവ സെന്റർ ബാക്കിന്റെ നീക്കം.
കാംബ്വാളയുടെ നിലവിലെ കരാർ 2025-ൽ അവസാനിക്കാനിരിക്കെ ബുണ്ടസ്‌ലിഗ, ലിഗ് 1, ലാ ലിഗ ക്ലബ്ബുകളിൽ നിന്ന് താരത്തെ തേടി ഓഫർ ഉണ്ട്. 19-കാരനെ അടുത്ത സീസൺ ഫ്രീ ഏജന്റായി നഷ്ടപ്പെടാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ടാകില്ല. വിയ്യ റയൽ ആണ് താരത്തെ സ്വന്തമാക്കാനായി മുന്നിൽ ഉള്ളത്.
2020-ൽ ആയിരുന്നു താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. കഴിഞ്ഞ സീസണിൽ തൻ്റെ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച കാംബ്വാള ആകെ എട്ട് ലീഗ് മത്സരങ്ങളിൽ കളിച്ചിരുന്നു.