ക്യാപ്റ്റൻ ഡെക്ലാൻ റൈസ് ടീം വിടുമെന്ന് ഉറപ്പായതോടെ പകരക്കാരനെ എത്തിക്കാനുള്ള നീക്കങ്ങൾ വെസ്റ്റ്ഹാം ആരംഭിച്ചു. ഫുൾഹാം താരം ജ്വാവോ പാളിഞ്ഞയെയാണ് നിലവിൽ കോൺഫറൻസ് ലീഗ് ജേതാക്കൾ നോട്ടമിട്ടിട്ടുള്ളത് എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് വേണ്ടി വെസ്റ്റ്ഹാമിന്റെ ഓഫർ അടുത്ത ദിവസങ്ങളിൽ തന്നെ എത്തിയേക്കും. എന്നാൽ തങ്ങളുടെ പ്രമുഖ താരത്തെ ഫുൾഹാം അത്ര പെട്ടെന്ന് വിട്ട് കൊടുക്കില്ല എന്നുറപ്പാണ്. അയാക്‌സിന്റെ എഡ്സൻ അൽവാരസ് ആണ് ടീം ഇതേ സ്ഥാനത്തേക്ക് ലക്ഷ്യമിടുന്ന മറ്റൊരു താരം.
ഡിഫെൻസിവ് മിഡ്ഫീല്ഡർ സ്ഥാനത്ത് കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനമാണ് പാളിഞ്ഞയെ മറ്റു ടീമുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. സെർജിയോ ബുസ്ക്വറ്റ്സിന് പകരക്കാരനെ തേടുന്ന ബാഴ്‍സയുടെ പട്ടികയിലും പോർച്ചുഗീസ് താരം ഉണ്ടായിരുന്നു. എന്നാൽ ഫുൾഹാം ഉയർന്ന തുക തന്നെ തങ്ങളുടെ സുപ്രധാന താരത്തിന് വേണ്ടി ചോദിക്കുമെന്നുറപ്പാണ്. വെസ്റ്റ്ഹാം ആവട്ടെ ടീമിന്റെ നെടുംതൂൺ ആയിരുന്ന റൈസിന് പകരം മികച്ച താരത്തെ തന്നെ എത്തിക്കാനുള്ള തയ്യാറെടുപ്പിൽ ആണ്. താരത്തിന് മുകളിൽ റിലീസ് ക്ലോസ് ഒന്നും ഇല്ലെന്ന് കഴിഞ്ഞ വാരം ഫുൾഹാം വെളിപ്പെടുത്തിയിരുന്നു. സ്പോർട്ടിങ്ങിൽ നിന്നും ഇരുപത് മില്യൺ പൗണ്ടോളം ചെലവാക്കിയാണ് പാളിഞ്ഞയെ ടീമിലേക്ക് എത്തിച്ചത്. അയാക്‌സ് താരം എഡ്സൻ അൽവാരസും വെസ്റ്റ്ഹാമിന്റെ റഡാറിൽ ഉണ്ടെങ്കിലും നിലവിൽ ഡോർമുണ്ട് ആണ് താരത്തിന് വേണ്ടി ഒരു പടി മുന്നിൽ നിൽക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ഓഫറും അവർ അയാക്സിന് സമർപ്പിച്ചു കഴിഞ്ഞിരുന്നു.
Download the Fanport app now!