ബ്രസീലിയൻ യുവതാരം വിക്ടർ റോക്വെ ബാഴ്‌സലോണയിലേക്ക് തന്നെ എന്നുറപ്പാകുന്നു. താരത്തിന്റെ ക്ലബ്ബ് ആയ അത്ലറ്റികോ പരനയെൻസിന്റെ അധികൃതർ കഴിഞ്ഞ ദിവസം ബാഴ്‌സലോണയിൽ എത്തി നടത്തി വരുന്ന ചർച്ചയിൽ ആണ് കൈമാറ്റം ധാരണയിൽ എത്തിയത്. 35 മില്യൺ യൂറോയും കൂടെ പത്ത് മില്യൺ ആഡ്-ഓണുകളും അടക്കം ആകെ 45 മില്യൺ യൂറോ ആവും കൈമാറ്റ തുകയെന്ന് മുണ്ടോ ഡെപ്പോർട്ടീവോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇനിയും അവസാന ഘട്ട ചർച്ചകൾ ബാക്കിയുണ്ട്. ഇതിന് ശേഷം മാത്രമേ കൈമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
റോക്വേക്ക് അഞ്ച് വർഷത്തെ കരാർ ആണ് ബാഴ്‌സ മുന്നോട്ടു വെക്കുന്നത്. താരവുമായി വ്യക്തിപരമായ കരാറിന്റെ കാര്യത്തിൽ ടീം ധാരണയിൽ എത്തിയിരുന്നു. യൂറോപ്പിൽ നിന്നുള്ള മറ്റുള്ള ഓഫറുകൾ താരം നേരത്തെ തള്ളിയിരുന്നു. കൈമാറ്റ തുക ഘട്ടം ഘട്ടമായവും ബാഴ്‌സ കൈമാറുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. മറ്റ് യുവതാരങ്ങളെ പോലെ തന്നെ റോക്വെക്കും ഉയർന്ന റിലീസ് ക്ലോസ് ചേർക്കാൻ ആണ് ബാഴ്‌സ നീക്കം. ഒരു ബില്യൺ യൂറോ ആവും റിലീസ് ക്ലോസ്. നിലവിലെ സീസണിൽ പരനയെൻസിന് വേണ്ടി നിലവിലെ സീസണിൽ 25 മത്സരങ്ങളിൽ നിന്നും 10 ഗോളും 5 അസിസ്റ്റും നേടിയ താരം ബ്രസീൽ യൂത്ത് ടീമിലും മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.
Download the Fanport app now!