മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം വാൻ ഡെ ബീക് ഉടൻ തന്നെ റയൽ സോസൊഡാഡിൽ എത്തും. മാഞ്ചസ്റ്റർ യുണൈറ്റഡും സോസിഡാഡും തമ്മിൽ ട്രാൻസ്ഫർ ധാരണയിൽ എത്തുന്നതിന് അടുത്താണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് ക്ലബായ റയൽ സോസിഡാഡുമായി വാൻ ഡെ ബീക് കരാർ ധാരണയിലും എത്തിയിട്ടുണ്ട്. പ്രീസീസൺ മത്സർങ്ങളിൽ വാൻ ഡെ ബീക് യുണൈറ്റഡിനായി ഇറങ്ങിയിരുന്നു. എന്നാലും വാൻ ഡെ ബീകിനെ വിൽക്കാൻ തന്നെയാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. ലോൺ കരാറിൽ ആകും താരം സ്പെയിനിലേക്ക് പോകുന്നത്.
വാൻ ഡെ ബീക് ക്ലബ് വിട്ടാൽ മാത്രമെ യുണൈറ്റഡിന് പുതിയ ഒരു മിഡ്ഫീൽഡർക്കായി ശ്രമിക്കാൻ ആകൂ. അവർ മൊറോക്കൻ താരം സോഫ്യാൻ അമ്രബതിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. അതിനു മുമ്പ് യുണൈറ്റഡ് വാൻ ഡെ ബീകിനെയും ഫ്രെഡിനെയും വിൽക്കും.
മൂന്ന് സീസണായി ക്ലബിൽ എത്തിയിട്ട് എങ്കിലും ഓർമ്മിക്കാൻ ഒരു നല്ല പ്രകടനം പോലും വാൻ ഡെ ബീക് നടത്തിയിട്ടില്ല. അതിനുള്ള അവസരങ്ങൾ താരത്തിന് കാര്യമായി ലഭിച്ചിട്ടും ഇല്ല. ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെ വാൻ ഡെ ബീക് തിരികെ ഫോമിലേക്ക് എത്തും എന്നായിരുന്നു കരുതിയത്. എന്നാൽ വാൻ ഡെ ബീകിന് പരിക്ക് വില്ലനായി എത്തി. കഴിഞ്ഞ സീസൺ പൂർണ്ണമായും പരിക്ക് കാരണം താരത്തിന് നഷ്ടമായി എന്ന് പറയാം.
ഡച്ച് യുവതാരം ഒരു സീസൺ മുമ്പ് എവർട്ടണിൽ ലോണിലേക്ക് പോയെങ്കിലും അവിടെയും വാൻ ഡെ ബീകിന് തിളങ്ങാൻ ആയിരുന്നില്ല. ആകെ 580 മിനുട്ട് പ്രീമിയർ ലീഗ് ഫുട്ബോൾ മാത്രമാണ് രണ്ടര വർഷത്തിൽ വാൻ ഡെ ബീക് കളിച്ചത്.