വെയിൽസ് താരം ബ്രെന്നൻ ജോൺസണെ ടോട്ടൻഹാം ഹോട്‌സ്പർ സ്വന്തമാക്കി. നാൽപത് മില്യണോളം പൗണ്ട് വരുന്ന കൈമാറ്റ തുകയാണ് നോട്ടിങ്ഹാമിൽ നിന്നും താരത്തെ എത്തിക്കാൻ സ്പർസ് മുടക്കിയത്. അഞ്ച് മില്യണോളം ആഡ് ഓണുകളും ചേർത്തിട്ടുണ്ട്. ഇതോടെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് ടോട്ടനത്തിന് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒരാളായ മുന്നേറ്റ താരത്തെ എത്തിക്കാൻ സാധിച്ചിരിക്കുകയാണ്.
നേരത്ത ബ്രെന്റ്ഫോർഡും താരത്തിന് പിറകെ ഉണ്ടായിരുന്നെങ്കിലും അവർ സമർപ്പിച്ച ഓഫർ നോട്ടിങ്ഹാം തള്ളിയിരുന്നു. എന്നാൽ ടോട്ടനം സമർപ്പിച്ച ഓഫറിനോളം തന്നെ പോന്നതായിരുന്നു ബ്രെന്റ്ഫോർഡിന്റെയും ഓഫർ. ഇതോടെ അവർ മറ്റു ലക്ഷ്യങ്ങളിലേക്ക് നീങ്ങി. ടോട്ടൻഹാം ആവട്ടെ തുടക്കം മുതൽ തന്നെ താരത്തിന് പിറകെ ഉണ്ടായിരുന്നു. ആൻസു ഫാറ്റിയേയും സ്പർസ് ലക്ഷ്യമിട്ടെങ്കിലും ജോൺസനെ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രം സ്പാനിഷ് താരത്തെ ഉന്നമിടാൻ ആയിരുന്നു ഇംഗ്ലീഷ് ടീമിന്റെ പദ്ധതി. ബ്രെന്നൻ ജോൺസന്റെ ഗോളടി മികവ് ആണ് ടോട്ടനത്തെ ആകർഷിക്കുന്നത്. അവസാന സീസണുകളിൽ പത്തിന് മുകളിൽ ഗോൾ കണ്ടെത്താൻ യുവതാരത്തിന് കഴിയുന്നുണ്ട്. വിങ്ങുകളിലും താരത്തെ ഉപയോഗിക്കാം.