സൂസൈരാജും സഹോദരനും ഇനി എ ടി കെ മിഡ്ഫീൽഡിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത സീസണു മുന്നോടിയായി തകർപ്പൻ ട്രാൻസ്ഫറുകൾ പൂർത്തിയാക്കി എ ടി കെ കൊൽക്കത്ത. ജംഷദ്പൂരിന്റെ മധ്യനിര താരമായ സൂസൈരാജ്, റെജിന്, വിദേശ താരം കാൾ മക്ഹഗ് എന്നിവരുടെ സൈനിംഗ് ആണ് എ ടി കെ ഇന്ന് പൂർത്തിയാക്കിയത്. മൂന്ന് സൈനിംഗും എ ടി കെ കൊൽക്കത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബൈ ഔട്ട് ക്ലോസിലെ വൻ തുക നൽകിയാണ് എ ടി കെ കൊൽക്കത്ത സൂസൈരാജിനെ സ്വന്തമാക്കിയിരിക്കുന്നത്. 90 ലക്ഷത്തോളമാണ് സൂസൈരാജിനായി എ ടി കെ ചിലവഴിച്ചത്. കഴിഞ്ഞ സീസണിലായിരുന്നു ജംഷദ്പൂർ സൂസൈരാജിനെ ടീമിൽ എത്തിച്ചത്. അതിനു മുമ്പുള്ള സീസണിൽ ചെന്നൈ സിറ്റിക്കായി ഐ ലീഗിൽ നടത്തിയ പ്രകടനമായിരുന്നു സൂസൈരാജിനെ ഐ എസ് എല്ലിൽ എത്തിച്ചത്. 2017-18 സീസണിൽ രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി സൂസൈയെ തിരഞ്ഞെടുത്തിരുന്നു. ഈ സീസണിൽ ജംഷദ്പൂരിനു വേണ്ടിയും സൂസൈ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

പരിക്ക് ആയതിനാൽ 14 മത്സരങ്ങളിൽ മാത്രമെ സൂസൈരാജിന് ഈ കഴിഞ്ഞ സീസണിൽ കളിക്കാൻ ആയുള്ളൂ. നാലു ഗോളുകൾ ഈ മധ്യനിര താരം നേടിയിരുന്നു. സൂസൈരാജിനെ സ്വന്തമാക്കാനായി വൻ തുക തന്നെ എ ടി കെ ചിലവഴിക്കേണ്ടതായി വരും. നേരത്തെ മലയാളി താരമായ ജോബി ജസ്റ്റിനെ എ ടി കെ സ്വന്തമാക്കിയിരുന്നു.

സൂസൈരാജിന്റെ മൂത്ത സഹോദരനാണ് മൈക്കിൾ റെജിൻ. ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയിൽ നിന്നാണ് ജേഷ്ഠൻ മൈക്കിൾ എ ടി കെയിൽ എത്തുന്നത്. മധ്യനിര താരമായ റെജിൻ മുമ്പ് സൂസൈരാജിനൊപ്പം കളിച്ചിട്ടുണ്ട്. ഡിഫൻഡറായ കാൾ മക്ഹഗ് അയർലണ്ടിൽ നിന്നാണ് വരുന്നത്. മുമ്പ് റീഡിംഗ് പോലുള്ള വലിയ ഇംഗ്ലീഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.