സെനഗൽ താരം മികയിൽ ഫായെ ബാഴ്‌സലോണയിലേക്ക്. പതിനെട്ടുകാരനുമായി ബാഴ്‌സലോണ ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ക്രൊയേഷ്യൻ ക്ലബ്ബ് ആയ എൻകെ കുസ്റ്റോസിയ്യാ താരമാണ് ഫായെ. കൈമാറ്റ തുകയായി അഞ്ചു മില്യൺ യൂറോയും കൂടെ ആഡ്-ഓണുകളും ബാഴ്‌സ നൽകും. എത്ര കാലത്തേക്കാണ് കരാർ എന്ന് സൂചനയില്ല. ഉടൻ തന്നെ കരാറിൽ താരം ഔദ്യോഗികമായി ഒപ്പിടും.
നേരത്തെ ചെൽസി, ബറൂസിയ ഡോർട്മുണ്ട് എന്നീ ടീമുകൾ ലക്ഷ്യം വെച്ച താരമാണ് ഫായെ എന്ന് റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മികച്ച പ്രതിഭയുള്ള പ്രതിരോധ താരമായാണ് ഫായെയെ കണക്കാകുന്നത്. 186 സെന്റിമീറ്റർ ഉയരമുള്ള താരം പന്ത് കൈവശം വെക്കാനും പാസുകളിലും മികവ് കാണിക്കുന്നതാണ് ബാഴ്‌സയുടെ റഡാറിൽ എത്താൻ കാരണമായത് എന്ന് മുണ്ടോ ഡെപ്പോർട്ടീവോ സൂചിപ്പിച്ചു. സെനഗൽ താരം ഫെബ്രുവരിയിൽ മാത്രമാണ് സ്വന്തം നാട്ടിലെ ഡിയാമ്പേഴ്സ് എഫ്സി വിട്ട് ക്രൊയേഷ്യയിലേക്ക് എത്തുന്നത്. മാസങ്ങൾക്കുള്ളിൽ വമ്പൻ ടീമുകളുടെ കണ്ണിൽ പെടാനും ബാഴ്‌സയിലേക്ക് എത്തിച്ചേരാനും സാധിച്ചത് താരത്തിന്റെ പ്രതിഭ വെളിവാക്കുന്നു. തുടക്കത്തിൽ ബാഴ്‌സ ബി ടീമിനോടൊപ്പം ആവും താരം പന്ത് തട്ടുക എന്നാണ് സൂചനകൾ. സെൻട്രൽ ഡിഫെന്റർ സ്ഥാനത്തിന് പുറമെ ലെഫ്റ്റ് ബാക്ക് ആയും ഫായെയെ ഉപയോഗിക്കാം.
Download the Fanport app now!