സീസണോടെ ചെൽസി വിടുമെന്ന് ഉറപ്പായ പാട്രിക് ഔബമയങ്ങിന് പിറകെ ഓഫറുകളുമായി സൗദി അറേബ്യൻ ക്ലബ്ബുകൾ. അൽ അഹ്ലി, അൽ ശബാബ് ക്ലബ്ബുകളാണ് നിലവിൽ മുന്നേറ്റ താരത്തെ സമീപിച്ചിട്ടുള്ളതെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഓഫറുകൾ ഒന്നും സമർപ്പിച്ചതായി സൂചനയില്ല. കരീം ബെൻസിമക്ക് മറ്റൊരു ലോകോത്തര സ്‌ട്രൈക്കർ ആയ ഔബമയങ്ങിനെ കൂടി എത്തിക്കാൻ കഴിഞ്ഞാൽ അത് സൗദി ലീഗിന് വലിയ ഊർജമാവും എന്ന കാര്യത്തിൽ സംശയമില്ല.
എന്നാൽ ഓഫറിനോട് ഔബമയങ് പ്രതികരിച്ചിട്ടില്ല. താരത്തിന്റെ താൽപര്യം യൂറോപ്പിൽ തന്നെ തുടരാൻ ആവും എന്നാണ് സൂചന. നേരത്തെ ഫെബ്രുവരിയിൽ അമേരിക്കയിൽ നിന്നും വന്ന ലോസ് അഞ്ചൽസ് എഫ്സിയുടെ ഓഫറും താരം തള്ളിയിരുന്നത് റൊമാണോ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ഔബമയങ് മാത്രമല്ല സൗദി ടീമുകൾ ഉന്നം വെക്കുന്ന ചെൽസി താരം. ടീമുമായി ഇതുവരെ പുതിയ കരാറിൽ എത്താത്ത എംഗോളോ കാന്റെയിലും സൗദി ടീമുകൾക്ക് കണ്ണുണ്ടെന്ന് റൊമാനോ പറയുന്നു. ഇത്തിഹാദ്, അൽ നാസർ ക്ലബ്ബുകളാണ് താരത്തിന്റെ അടുത്ത നീക്കങ്ങളിലേക്ക് ഉറ്റു നോക്കുന്നത്. ചെൽസിയിൽ തന്നെ തുടരാനാണ് കാൻറെക്ക് താൽപര്യം എങ്കിലും കരാർ ചർച്ചകൾ എങ്ങും എത്തിയിട്ടില്ല. അത് കൊണ്ട് തന്നെ താരം സമ്മതം മൂളിയാൽ ഓഫറുമായി സൗദി ടീമുകൾ എത്തും