സ്പാനിഷ് താരം സാന്റി കസോർള ഇനി ഖത്തറിൽ കളിക്കും. ഖത്തർ ക്ലബായ അൽ സാദിൽ കസോർള പുതിയ കരാർ ഒപ്പുവെച്ചു. ബാഴ്സലോണ ഇതിഹാസം സാവി പരിശീലിപ്പിക്കുന്ന ക്ലബാണ് അൽ സാദ്. ഇന്നലെ ഐബറിനെതിരായ മത്സരത്തോടെ തന്റെ ക്ലബായ വിയ്യറയലിനോട് കസോർള വിട പറഞ്ഞിരുന്നു. 35കാരനായ താരം ഖത്തറിൽ തന്നെ വിരമിക്കാനാണ് സാധ്യത.
നീണ്ട കാലത്തെ പരിക്കും മറ്റും മറികടന്ന് കഴിഞ്ഞ സീസണിൽ ആയിരുന്നു വിയ്യറയലിനൊപ്പം ഫുട്ബോൾ ലോകത്തേക്ക് തിരികെ എത്തിയത്. മൂന്ന് ഘട്ടങ്ങളിലായി വിയ്യാറയലിനായി ഒമ്പത് സീസണുകളിൽ കളിച്ച താരമാണ് കസോള. ഈ സീസണിൽ വിയ്യാറയലിന് യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുക്കാനും താരത്തിനായിരുന്നു. ആറ് സീസണുകളോളം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിനായി കസോർള കളിച്ചിട്ടുണ്ട്. ആഴ്സണലിനായി കളിക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തെ പരിക്ക് അലട്ടിയതും നീണ്ട കാലം ഫുട്ബോളിൽ നിന്ന് ബ്രേക്ക് എടുക്കേണ്ടി വന്നതും.