ചിലിയൻ താരം അലക്സിസ് സാഞ്ചസ് ഒരു ഇടവേളക്ക് ശേഷം വീണ്ടും ഇന്റർ മിലാനിൽ. ഒളിമ്പിക് മാഴ്സെയുടെ താരമായുരുന്ന സാഞ്ചസ് ഫ്രീ ട്രാൻസ്ഫറിൽ ആണ് ഇന്ററിലേക്ക് എത്തുന്നത്. ഒരു വർഷത്തെ കരാർ ആകും സാഞ്ചസ് ഒപ്പുവെക്കുക. ഒരു സീസൺ മുമ്പ് മാത്രമായിരുന്നു സാഞ്ചസ് ഇന്റർ മിലാനിൽ നിന്ന് മാഴ്സെയിലേക്ക് പോയത്.
മുമ്പ് ആഴ്സണൽ, ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വലിയ ക്ലബുകളിൽ എല്ലാം കളിച്ചിട്ടുള്ള താരമാണ് സാഞ്ചസ്. ഇന്റർ മിലാനായി മൂന്ന് വർഷത്തിനിടയിൽ നൂറോളം മത്സരങ്ങൾ സാഞ്ചസ് കളിച്ചിരുന്നു. ഇന്ററിനൊപ്പം സീരി എ കിരീടം ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ നേടുകയും ചെയ്തു.
34കാരൻ തിരികെയെത്തുന്നതിൽ ഇന്റർ മിലാൻ ആരാധകർ അത്ര സന്തോഷത്തിൽ അല്ല. എങ്കിലും കഴിഞ്ഞ സീസണിൽ മാഴ്സെക്കായി സാഞ്ചസ് കാഴ്ചവെച്ച മികച്ച പ്രകടനം ഇന്റർ ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.