അരീക്കോടുമാരൻ റാഷിദ് നാലകത്ത് ഇനി ഭൂട്ടാനിൽ കളിക്കും. ഭൂട്ടാൻ ക്ലബായ ഹൈ ക്വാളിറ്റി എഫ് സിയാണ് മലയാളിയായ ഗോൾ കീപ്പറെ സ്വന്തമാക്കിയിരിക്കുന്നത്. ഭൂട്ടാനീസ് ലീഗിലെ ടീമായ ഹൈക്വാളിറ്റിയുടെ ഒന്നാം നമ്പറായിരിക്കും റാഷിദ്. സെക്കൻഡ് ഡിവിഷൻ ക്ലബായ ലോൺസ്റ്റാർ കാശ്മീരിനായി നടത്തിയ പ്രകടനങ്ങളാണ് റാഷിദിനെ ഭൂട്ടാനിൽ എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ജമ്മു കാശ്മീരിന്റെ ഗോൾ കീപ്പറായും റാഷിദ് കളിച്ചിരുന്നു. ഇന്ത്യയിലെ പ്രമുഖ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് റാഷിദ്. മുമ്പ് കൊൽക്കത്തൻ ഫുട്ബോൾ ലീഗിൽ കൊൽക്കത്തയിലെ വമ്പന്മാരായ മൊഹമ്മദൻസ് സ്പോർടിംഗിന്റെയും ഐ ലീഗ് ക്ലബായ ഷില്ലോങ്ങ് ലജോങ്ങിന്റെയും ഭാഗമായിട്ടുണ്ട് റാഷിദ്.
2004ൽ മലപ്പുറം അണ്ടർ 13 ടീമിലൂടെയാണ് റാഷിദ് ശ്രദ്ധിക്കപ്പെടുന്നത്. എം.എസ്.പിയിലും, ജി.വി രാജ സ്പോർട്സ് സ്കൂളിലും, ജാർഖണ്ട് സൈൽ അക്കാദമിയിലും കളി പടിച്ചാണ് റാഷിദ് വളർന്നത്. സൈൽ അക്കാദമിക്കി വേണ്ടി ഇന്റർ സ്കൂൾ ടൂർണമെന്റിൽ മികച്ച പ്ലയേർസ്സിൽ ഒരാളായി തിരഞ്ഞെടുക്കപ്പെടുകയും അതു ബൈച്ചൂങ്ങ് ബൂട്ടിയ സ്കൂളിലേക്ക് റാഷിദിനു ക്ഷണം നേടി കൊടുത്തു. ബൂട്ടിയ സ്കൂളിന് വേണ്ടി വർഷം അണ്ടർ 19 ഐ-ലീഗ് കളിച്ച റാഷിദ് പിന്നീട് പൂനെ എഫ്.സിയിൽ യുവതാരമായും ഉണ്ടായിരുന്നു.
2017 കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മുഹമ്മദൻസിനെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ റാഷിദ് നിർണായക പങ്കു വഹിച്ചിരുന്നു. റാഷിദ് ഉൾപ്പെടെ മൂന്ന് മലയാളി താരങ്ങൾ ഇപ്പോൾ ഭൂട്ടാനിൽ കളിക്കുന്നുണ്ട്. മലയാളികളായ സാഗർ അലി, ആശിഖ് മുഹമ്മദ് എന്നിവർ നേരത്തെ തന്നെ ഭൂട്ടാൻ ലീഗിൽ എത്തിയിരുന്നു.