റാമോസും പി എസ് ജിയിൽ!! സൂപ്പർ താരങ്ങളാൽ സമ്പന്നരായി പി എസ് ജി

Newsroom

റയൽ മാഡ്രിഡ് വിട്ട സെന്റർ ബാക്ക് സെർജിയോ റാമോസ് പി എസ് ജിയിൽ കരാർ ഒപ്പുവെച്ചു. ഇന്ന് പി എസ് ജി ഔദ്യോഗികമായി റാമോസിന്റെ വരവ് പ്രഖ്യാപിച്ചു. രണ്ടു വർഷത്തെ കരാർ ആണ് റാമോസിന് പി എസ് ജി നൽകിയിരിക്കുന്നത്. റയൽ മാഡ്രിഡിൽ താരം വാങ്ങിയിരുന്നതിനേക്കാൾ വലിയ വേതനവും താരത്തിന് പി എസ് ജിയിൽ ലഭിക്കും.

കഴിഞ്ഞ മാസം കരാർ അവസാനിച്ചതോടെ ആയിരുന്നു റാമോസ് റയൽ മാഡ്രിഡ് വിട്ടത്. അവസാന 16 വർഷങ്ങൾ റയൽ മാഡ്രിഡിന്റെ അവിഭാജ്യ ഘടകമായിരുന്നു സെർജിയോ റാമോസ്. നിർണായക മത്സരങ്ങളിൽ റാമോസിന്റെ പരിചയ സമ്പത്ത് പി എസ് ജിക്ക് തുണയാകും. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന പി എസ് ജി ലക്ഷ്യത്തിലേക്ക് എത്താനും റാമോസിന്റെ സാന്നിദ്ധ്യം സഹായകമാകും. റയലിനൊപ്പം നാലു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് റാമോസ്.

റാമോസ്, ഹകിമി, ഡൊണ്ണരുമ്മ എന്നിവർ ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തുന്നതോടെ സൂപ്പർ താരങ്ങളുടെ സ്വപ്ന നിരയായി പി എസ് ജി മാറും. ഇതിനകം തന്നെ എമ്പപ്പെ, നെയ്മർ, ഡി മറിയ, വെറാട്ടി തുടങ്ങി ഫുട്ബോൾ ലോകത്തെ വലിയ താരങ്ങൾ അവിടെയുണ്ട്. ഇനിയും വലിയ സൈനിംഗുകൾ ഈ ട്രാൻസ്ഫർ വിൻഡോയിൽ പി എസ് ജി നടത്തും എന്നാണ് സൂചനകൾ.

പി എസ് ജിയിൽ സൈൻ ചെയ്തതിൽ സന്തോഷമുണ്ട് എന്നും ഇത് തന്റെ ജീവിതത്തിലെ പുതിയ ഏടാണെന്നും ഈ ദിവസം താൻ മറക്കില്ല എന്നും കരാർ ഒപ്പുവെച്ച ശേഷം റാമോസ് പറഞ്ഞു. പി എസ് ജിയുടെ ഭാവി പ്രൊജക്ടിൽ വിശ്വാസം ഉണ്ട് എന്നും സൂപ്പർ താരങ്ങൾക്ക് ഒപ്പം കളിക്കാൻ ആയി കാത്തിരിക്കുകയാണെന്നും റാമോസ് പറഞ്ഞു.