ചെൽസി താരം ക്രിസ്റ്റ്യൻ പുലിസിച്ച് ടീം വിട്ടേക്കുമെന്ന് സൂചന. താരത്തെ ടീം വിടാൻ ചെൽസി അനുവദിക്കുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ നിലവിലെ കരാർ അടുത്ത സീസണോടെയാണ് അവസാനിക്കുക. എന്നാൽ ടീമിന്റെ ഭാവി പദ്ധതികളിൽ ഇടമില്ലാത്ത പുലിസിച്ചിനെ ചെൽസി ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ഇരുപത്തിനാലുകാരനുമായി പുതിയ കരാർ ചർച്ചകളിലേക്കും കടക്കുന്നതിന് മുൻപ് തന്നെ ചെൽസി ശ്രമിച്ചിട്ടും ഇല്ല.
അതേ സമയം എസി മിലാൻ, അമേരിക്കൻ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയേക്കും എന്ന് ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. ബ്രാഹീം ഡിയാസ് മടങ്ങിയതോടെ ഒഴിച്ചിട്ട സ്ഥാനത്തേക്ക് പകരക്കാരെ തേടുകയാണ് നിലവിൽ മിലാൻ. ചെൽസി താരം ലോഫറ്റ്‌സ് ചീകിനേയും മിലാൻ ഉന്നമിട്ടതായി നേരത്തെ റീപോർട്ടുകൾ വന്നിരുന്നു. ഇതിന്റെ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നെങ്കിലും മാൾഡിനിയുടെ പുറത്താകലോടെ നിലവിൽ ചർച്ചകൾ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണെന്ന് റൊമാനോ പറയുന്നു. സീസണിൽ മാറി മാറി വന്ന കോച്ചുമാർക്ക് കീഴിലും ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ പുലിസിച്ച് ബുദ്ധിമുട്ടിയിരുന്നു. ആകെ മുപ്പത്തൊളം മത്സരങ്ങൾ കളത്തിൽ ഇറങ്ങിയതിൽ നിന്നും ഒരേയൊരു ഗോൾ ആണ് കുറിക്കാൻ കഴിഞ്ഞത്. ടീം മാറുമ്പോൾ കൂടുതൽ അവസരങ്ങൾ ആണ് താരവും ഉന്നം വെക്കുന്നത്.