ചെൽസിയുടെ അടുത്ത കാലത്തെ സൈനിംഗിൽ ഏറ്റവും മോശമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ആല്വാരോ മൊറാട്ടോ അവസാനം ചെൽസി വിട്ടു. സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡുമായി മൊറാട്ട കരാർ ഒപ്പുവെച്ചിരിക്കുകയാണ്. ഇനി ഔദ്യോഗിക അറിയിപ്പുകൾ മാത്രമെ ഈ ട്രാൻസ്ഫറിൽ ബാക്കിയുള്ളൂ. ആദ്യം ലോണടിസ്ഥാനത്തിൽ ആകും മൊറാട്ട അത്ലറ്റിക്കോയിൽ എത്തുക. സീസൺ അവസാനം അവിടെ സ്ഥിരം കരാറിൽ ഒപ്പിടും.
സ്പാനിഷ് താരമായത് കൊണ്ട് സ്പെയിനിൽ എങ്കിലും മൊറാട്ട ഗതി പിടിക്കും എന്ന പ്രതീക്ഷയിലാണ് അത്ലറ്റിക്കോ മാഡ്രിഡ് താരത്തെ സൈൻ ചെയ്യുന്നത്. നേരത്തെ റയൽ മാഡ്രിഡിൽ നിന്ന് 60 മില്യൺ എന്ന റെക്കോർഡ് തുകയ്ക്കായിരുന്നു മൊറാട്ടോ ചെൽസിയിൽ എത്തിയത്. എന്നാ ഒന്നര വർഷമായിട്ടും ആ തുകയ്ക്കുള്ള പ്രകടനം കാഴ്ചവെക്കാൻ മൊറാട്ടയ്ക്ക് ആയില്ല.
ഈ സീസണിൽ 24 മത്സരങ്ങളോളം കളിച്ച മൊറാട്ട ആകെ 9 ഗോളുകൾ ആണ് നേടിയത്. താരം പോയാൽ പകരം ആരെയെങ്കിലും സ്ട്രൈക്കറായി ചെൽസിക്ക് എത്തിക്കേണ്ടി വരും. അർജന്റീന താരം ഹിഗ്വയിനെ ലണ്ടണിൽ എത്തിക്കാനാണ് ചെൽസി ശ്രമിക്കുന്നത്.