മൊണാക്കോയ്ക്ക് ഈ സീസണിൽ ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ. റിലഗേഷൻ ഒഴിവാക്കുക. രണ്ട് വർഷം മുമ്പ് ഫ്രഞ്ച് ചാമ്പ്യന്മാരായിരുന്നു മൊണാക്കോ ഇപ്പോൾ ലീഗിൽ അവസാനത്തു നിന്ന് രണ്ടാമത് നിൽക്കുകയാണ്. പരിശീലകനായ ഫ്രഞ്ച് ഇതിഹാസം ഹെൻറിക്ക് ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്ന് വലിയ പിടിയില്ല. കഴിഞ്ഞ ദിവസം ചെൽസി താരം ഫാബ്രിഗാസിനെ സ്വന്തമാക്കിയ മൊണാക്കോ പുതിയ ഒരു താരത്തെ കൂടെ മിഡ്ഫീൽഡിൽ എത്തിച്ചിരിക്കുകയാണ്.
ഫ്രഞ്ച് മിഡ്ഫീൽഡറായ വില്യം വൈങ്ക്വേർ ആണ് മൊണാക്കോയുമായി കരാർ ഒപ്പിട്ടത്. ആന്റല്യസ്പൊർലുവിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് വില്യം ക്ലബിൽ എത്തുന്നത്. മുപ്പതുകാരനായ വില്യം ആദ്യം ക്ലബ് മെഡിക്കലിൽ പരാജയപ്പെട്ടിരുന്നു. എന്നിട്ടും താരത്തെ സൈൻ ചെയ്യാൻ തന്നെ ഹെൻറി തീരുമാനിക്കുകയായിരുന്നു.
ഇപ്പോൾ കാഫ് ഇഞ്ച്വറിയുമായി കഷ്ടപ്പെടുകയാണ് വില്യം. ഫാബ്രിഗാസിനൊപ്പം മിഡ്ഫീൽഡിൽ ഇറക്കാനാണ് വില്യമിനെ കൊണ്ടുവന്നത് എങ്കിലും വില്യം എന്ന് കളത്തിലേക്ക് തിരിച്ചെത്തും എന്ന് വ്യക്തമല്ല. ടീമിന്റെ പ്രകടനത്തിൽ പൊതുവെ അതൃപ്തരായ ആരാധകർ ഈ പുതിയ സൈനിംഗിലും സന്തോഷവാന്മാരല്ല.