ലയണൽ മെസ്സിയുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് വീണ്ടും സംസാരിച്ച് ബാഴ്‌സലോണ പ്രെസിഡണ്ട് ലപോർട. ഒരു അഭിമുഖത്തിൽ പങ്കെടുക്കവേ ആണ് പുതിയ സംഭവവികാസങ്ങളെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. മെസ്സിയുടെ പിതാവുമായി സംസാരിച്ചിരുന്നതായി ലപോർട സമ്മതിച്ചു. “അദ്ദേഹവുമായി സംസാരിക്കാൻ സാധിച്ചു. ലോകകപ്പ് നേടിയതിന് തന്റെ അനുമോദങ്ങൾ അറിയിച്ചു. മെസ്സിക്ക് ഒരു യാത്രയയപ്പ് നൽകുന്നതിനെ കുറിച്ചും ഞങ്ങൾ സംസാരിച്ചു. നിലവിൽ മെസ്സി പിഎസ്ജി തരമായതിനാൽ താൻ കൂടുതൽ സംസാരിക്കുന്നില്ല. പണം അല്ല ഇവടെ വിഷയം. താരത്തിന് ഒരു ട്രിബ്യൂട്ട് നൽകുകയാണ് ലക്ഷ്യം.” ലപോർട പറഞ്ഞു. അതേ സമയം ടീമിനാണ് പ്രഥമ പരിഗണന എന്നും എന്നാൽ മെസ്സിയുടെ കാര്യത്തിൽ ഒരു തീരുമാനം തീർച്ചയായും എടുക്കേണ്ടത് ഉണ്ട് എന്നും ലപോർട കൂട്ടിച്ചേർത്തു.
അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് താരങ്ങളെ എത്തിക്കേണ്ടതിനെ കുറിച്ചും ലപോർട സൂചന നൽകി. റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് നിർബന്ധമായും പുതിയ താരത്തെ എത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം, മാർക്കറ്റിലെ സാഹചര്യം അനുസരിച്ച് ഒരു സെൻട്രൽ ഡിഫന്ററേയും എത്തിക്കാൻ ശ്രമിച്ചേക്കും എന്നും ലപോർട ചൂണ്ടിക്കാണിച്ചു. ഒരു സ്‌ട്രൈക്കറെ എത്തിക്കേണ്ടതും അത്യാവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ബാസ്ക്വറ്റ്സിന് പുതിയ കരാർ നൽകുമെന്ന് ലപോർട വെളിപ്പെടുത്തി. സാവിക്ക് പുതിയ കരാർ നൽകുന്നതിനെ കുറിച്ചും അദ്ദേഹം സൂചന നൽകി.