പോർച്ചുഗീസ് താരം മാതിയസ് നൂനസിന് വേണ്ടിയുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ശ്രമം ഫലം കണ്ടു. താരത്തിന് വേണ്ടിയുള്ള പ്രിമിയർ ലീഗ് ചാംപ്യന്മാരുടെ ഓഫർ വോൾവ്സ് അംഗീകരിച്ചു കഴിഞ്ഞതായി ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ അറുപത് മില്യണോളം വരുന്ന ഓഫർ നൂനസിന് വേണ്ടി സിറ്റി സമർപ്പിച്ചിരുന്നു. എന്നാൽ ഇത് കൂടാതെ സിറ്റിയുടെ യുവതാരം തോമസ് ഡോയ്ലെ വോൾവ്സിലേക്കും ചേക്കേറും എന്ന് റൊമാനൊ സൂചിപ്പിച്ചു.
നേരത്തെ മാഞ്ചസ്റ്റർ സിറ്റി ആദ്യം നൽകിയ ഓഫറുകൾ വോൾവ്സ് തള്ളിയിരുന്നു. ഇതോടെയാണ് വോൾവ്സ് ആവശ്യപ്പെടുന്ന തുക അടങ്ങിയ ഓഫർ സിറ്റി സമർപ്പിച്ചത്. ഇതിന് പുറമെയാണ് യുവതാരം തോമസ് ഡോയ്ലെയെ വോൾവ്സ് സ്വന്തമാക്കുക. എന്നാൽ ഇത് മറ്റൊരു കൈമാറ്റം ആയാവും കണക്കാക്കുക. അഞ്ച് മില്യൺ യൂറോ ഇംഗ്ലീഷ് യുവതാരത്തിന് വേണ്ടി വോൾവ്സ് മുടക്കും. 50% സെൽ ഓൺ ക്ലോസ് സിറ്റിയുടെ കൈവശം ഉണ്ടാവും. കഴിഞ്ഞ സീസണുകളിൽ വിവിധ ടീമുകളിൽ ലോണിൽ കളിക്കുകയായിരുന്നു താരം.
നൂനസിനെ കൊണ്ടു വരാൻ സാധിച്ചതോടെ ദീർഘകാലമായി തങ്ങൾ നോട്ടമിട്ട മികച്ചൊരു താരത്തെ സ്വന്തം പാളയത്തിൽ എത്തിച്ചിരിക്കുകയാണ് സിറ്റി. കഴിഞ്ഞ സീസണിൽ സ്‌പോർട്ടിങ്ങിൽ നിന്നാണ് താരം പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് എത്തുന്നത്. വോൾവ്സിന് മോശം സീസണായിരുന്നെങ്കിലും നൂനസിന്റെ പ്രകടനം പല വമ്പൻ ക്ലബ്ബുകളും ശ്രദ്ധിച്ചിരുന്നു. നേരത്തെ ലിവർപൂളും താരത്തിൽ കണ്ണു വെച്ചിരുന്നു. കോവസിച്ചിനെ കൂടാതെ നൂനസ് കൂടി വരുന്നതോടെ ഗുണ്ടോഗന്റെ അഭാവം പൂർണമായും നികത്താൻ സിറ്റിക്ക് സാധിക്കും.