കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഏർലിങ് ഹാലണ്ടിനെ റാഞ്ചിയ മാഞ്ചസ്റ്റർ സിറ്റി ഇത്തവണ ഉന്നമിടുന്നത് മറ്റൊരു സൂപ്പർ യുവതാരം ജോസ്കോ ഗ്വാർഡിയോളിനെ. താരവുമായി ക്ലബ്ബ് നടത്തുന്ന ചർച്ചകൾ വിജയകരമായി മുന്നോട്ടു പോകുന്നതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. വ്യക്തിപരമായ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയാൽ ഉടൻ സിറ്റി ലെപ്സീഗുമായുള്ള ചർച്ചകൾ ആരംഭിക്കും. എന്നാൽ പ്രതീക്ഷിച്ച പോലെ തന്നെ വളരെ ഉയർന്ന തുകക്ക് മാത്രമേ ലെപ്സീഗ് താരത്തെ വിട്ടു നൽകുകയുള്ളൂ വെന്ന് റോമാനോ സൂചിപ്പിച്ചു.
ഏകദേശം 85-90 മില്യൺ യൂറോ എങ്കിലും താരത്തിന് വേണ്ടി ലഭിക്കുമെന്നാണ് ലെപ്സീഗ് കരുതുന്നത്. ഈ തുകക്ക് അടുത്തെങ്കിലും ലഭിച്ചില്ലെങ്കിൽ മറ്റൊരു സീസണിലേക്ക് കൂടി ഗ്വാർഡിയോളിനെ ടീമിൽ നിലനിർത്താൻ ജർമൻ ടീം തുനിഞ്ഞേക്കും. മുൻപ് ചെൽസിയും താരത്തിനായി ശ്രമങ്ങൾ നടത്തിയിട്ടും ഫലം കണ്ടിരുന്നില്ല. ലോകകപ്പിലും താരം തന്റെ മികവ് തെളിയിച്ചു. ക്രൊയേഷ്യൻ ടീമിൽ ഗ്വാർഡിയോളിന്റെ സഹതാരമായ മാത്യു കോവാസിച്ചിനേയും സിറ്റി നിലവിൽ ഉണമിട്ടിട്ടുണ്ട്. ഏതായാലും സിറ്റിയിൽ ഇത്തവണ ഒരു പിടി വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഡൈനാമോ സഗ്രിബിൽ നിന്നാണ് താരം ലെപ്സീഗിലേക്ക് എത്തുന്നത്.