ലൂയിസ് സുവാരസ് ഈ വർഷം ലയണൽ മെസ്സിക്ക് ഒപ്പം പന്തു തട്ടില്ലെന്ന് ഉറപ്പാവുന്നു. താരം നിലവിലെ ടീമായ ഗ്രമിയോയിൽ തന്നെ തുടരുമെന്ന് കോച്ച് ആയ പൊർതലൂപ്പി അറിയിച്ചു. സുവാരസിന് വേണ്ടി ഇന്റർ മയാമി ഗ്രമിയോയുമായി നടത്തി വരുന്ന ചർച്ചയും ഫലം കാണാതെ അവസാനിച്ചെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. ഇതോടെ അമേരിക്കൻ മണ്ണിൽ മുൻ ബാഴ്‌സലോണ സഹതാരങ്ങളുടെ കൂടിച്ചേരൽ തൽക്കാലം ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. മെസ്സി, ബസ്ക്വറ്റ്സ്, ആൽബ എന്നിവർക്ക് ശേഷം ഇനിയെസ്റ്റ, സുവാരസ് തുടങ്ങിയവരെ എത്തിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു ഇന്റർ മയാമി.

അതേ സമയം ഗ്രമിയോ കോച്ച് റെനെറ്റോ പൊർതലൂപ്പി കടുത്ത ഭാഷയിലാണ് ട്രാൻസ്ഫർ വാർത്തയോട് പ്രതികരിച്ചത്. “ആ നാടകം ഇന്നലത്തോടെ അവസാനിച്ചു കഴിഞ്ഞു. താരത്തിനും ആരാധകർക്കും ക്ലബിനും ഇത് ആശ്വാസം നൽകും. സുവാരസ് ഡിസംബർ വരെ ഇവടെ തുടരും. നിലവിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഗ്രൗണ്ടിൽ അനിവാര്യമാണ്. ഇതുവരെ എന്ന പോലെ തുടർന്നും അദ്ദേഹത്തിന് ടീമിനെ സഹായിക്കാൻ ആവും”. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കോച്ച്. കഴിഞ്ഞ വർഷം അവസാനത്തോടെ ബ്രസീലിയൻ ടീമിൽ എത്തിയ സുവാരസ് ഇതുവരെ 31 മത്സരങ്ങളിൽ നിന്നും 16 ഗോളുകൾ നേടി കഴിഞ്ഞു. താരത്തിനും ഇന്റർ മയാമിയിലേക്ക് ചേക്കേറാൻ താല്പര്യമുള്ളതായി സൂചനകൾ ഉണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ട്രാൻസ്ഫർ നടക്കില്ലെന്ന് ഉറപ്പാണ്. ബ്രസീലിയൻ സീരി എയിൽ രണ്ടാം സ്ഥാനത്തുള്ള ഗ്രമിയോക്ക് സീസണിൽ ഇനിയും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.














