ബ്രസീൽ വംശജനായ ഇറ്റാലിയൻ പ്രതിരോധ താരം ലൂയിസ് ഫെലിപ്പെയെ ടീമിൽ എത്തിച്ച് അൽ ഇത്തിഹാദ്. ആകെ ഇരുപത്തിയഞ്ചു മില്യൺ യൂറോയോളമാണ് കൈമാറ്റ തുക. ആഡ് ഓണുകൾ അടക്കമാണിത്. ഇതോടെ താരത്തിന്റെ ഒരേയൊരു സീസൺ നീണ്ട ലാ ലീഗ വാസത്തിനും അന്ത്യം കുറിച്ചു. സൗദി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് തന്നെ താരം മെഡിക്കൽ പരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയാക്കാൻ യാത്ര തിരിക്കും.
അഞ്ച് വർഷത്തോളം ലാസിയോ പ്രതിരോധം കാത്ത ശേഷം കഴിഞ്ഞ സീസണിലാണ് ഫെലിപ്പേ ബെറ്റിസിലേക്ക് എത്തുന്നത്. മുപ്പതോളം മത്സരങ്ങൾ സ്പാനിഷ് ക്ലബ്ബിനായി കളിച്ചു. അതേ സമയം കോച്ച് പെല്ലഗ്രിനി ഈ കൈമാറ്റത്തിന് എതിരായിരുന്നു. ഫെലിപ്പേ കൂടി പോയാൽ ടീമിൽ രണ്ടു സെൻട്രൽ ബാക്കുകൾ മാത്രമേ അവശേഷിക്കൂ എന്നും ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. യൂറോപ്പിലെ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതോടെ ബെറ്റിസിന്റെ ജനുവരി വരെയുള്ള പ്രകടനം ലീഗിൽ നിർണായകമാവും. അതേ സമയം എഫ്എഫ്പിയിൽ നേട്ടം കൊയ്യാനും അവർക്കാവും. ഇത്തിഹാദിന് ആവട്ടെ പ്രതിരോധ നിരയിലേക്ക് യൂറോപ്പിൽ നിന്നും താരങ്ങളെ എത്തിക്കാൻ ഇതുവരെ ആയിരുന്നില്ല. ബെൻസിമ, ജോട്ട, ഫാബിഞ്ഞോ, കാൻറെ എന്നിവർക്കൊപ്പമാണ് ടീം ശക്തിപ്പെടുത്താൻ ഫെലിപ്പേ കൂടി എത്തുന്നത്. ബ്രസീൽ യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം, സീനിയർ തലത്തിൽ ഇറ്റലിക്ക് വേണ്ടി ഒരു മത്സരത്തിൽ കളത്തിൽ ഇറങ്ങി.