മാറി മാറി വന്ന പേരുകൾക്ക് ഒടുവിൽ ലൂയിസ് എൻറിക്വെയെ തന്നെ പരിശീലകൻ ആയി കൊണ്ടു വരാൻ പിഎസ്ജി ആലോചിക്കുന്നതായി സൂചന. പുതിയ പരിശീലകൻ വരുമെന്ന് ഉറപ്പായത് മുതൽ ചേർന്നു കേട്ട പേരായിരുന്നു എൻറിക്വെ എങ്കിലും ചർച്ചകൾ ഒന്നും മുന്നോട്ടു പോയിരുന്നില്ല. നാഗെൽസ്മാന് വേണ്ടി അവസാന നിമിഷം വരെ പരിശ്രമിച്ച പിഎസ്ജി ഇത് നടക്കാതെ വരും എന്നായതോടയാണ് മറ്റു പേരുകളിലേക്ക് തിരിഞ്ഞത്. അതേ സമയം എൻറിക്വെയുമായി ടീം നടത്തുന്ന ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാൻ ഉണ്ടെന്ന് ന്യൂസ് റിപ്പോർട്ട് ചെയ്ത ലെ’എക്വിപ്പെ സൂചിപ്പിച്ചു. എന്നാൽ എൻറിക്വെയാണ് പരിശീലക സ്ഥാനത്തേക്ക് കൂടുതൽ അടുത്തുള്ളത് എന്നും റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ എഫ്സി പോർട്ടോ കോച്ച് ആയ സെർജിയോ കോൻസ്യസാവോ, ആർട്ടേറ്റ എന്നിവരെ ടീം ഉപദേഷ്ടാവ് കാമ്പോസ് സമീപിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിൽ കോൻസ്യസാവോയുമായി ടീം വീണ്ടും ചർച്ചകൾ തുടർന്നിരുന്നു. എന്നാൽ ഇതിനിടയിലാണ് ഒരിടവേളയ്ക്ക് ശേഷം എൻറിക്വെയുടെ സാധ്യതകൾ വീണ്ടും വർധിച്ചത്. സ്പാനിഷ് കോച്ചിന്റെ കഴിവിൽ ലൂയിസ് കാമ്പോസിനും നാസർ അൽ ഖലീഫിക്കും വിശ്വാസമുള്ളതയായി ലെ എക്വിപ്പെ സൂചിപ്പിച്ചു. കൂടാതെ വമ്പൻ ടീമുകളെ പരിശീലിപ്പിച്ച പരിചയമുള്ളതും അദ്ദേഹത്തിന് മുൻതൂക്കം നൽകും. ഏതായാലും വരും ദിവസങ്ങളിൽ തന്നെ പുതിയ പിഎസ്ജി കോച്ച് ആരെന്ന ചിത്രം തെളിയും.














