സ്പാനിഷ് താരം അയ്മേറിക് ലപോർടെ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കുമെന്ന സൂചനകൾ ശക്തമായി. ഇത് സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഫാബ്രിസിയോ റോമാനോ ആണ് താരം ടീം വിടാൻ സാധ്യത ഉണ്ടെന്ന് അടിവരയിട്ടു പറയുന്നത്. നിലവിലെ സീസണിൽ ഏഴ് ലീഗ് മത്സരങ്ങളിൽ മാത്രം ടീമിനായി കളത്തിൽ ഇറങ്ങിയിട്ടുള്ള ഇരുപത്തിയെട്ടുകാരൻ ടീം വിടാനുള്ള തന്റെ താൽപര്യം മാനേജ്മെന്റിനെ അറിയിച്ചതായി സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർടിവോയും റിപ്പോർട്ട് ചെയ്തിരുന്നു. ബാഴ്സലോണ തന്നെയാണ് താരത്തിന്റെ അടുത്ത ലക്ഷ്യമായി ചൂണ്ടിക്കാണിക്കുന്നത്. സാവിക്കും ടീമിനും ലപോർടയിൽ താൽപര്യമുണ്ട്. ടീം തേടുന്ന അനുഭവസമ്പത്തുള്ള, ഇടം കാലനായ സെൻട്രൽ ഡിഫെണ്ടർ ആണ് ലപോർട. എങ്കിലും നിലവിലെ സാമ്പത്തിക സ്ഥിയിൽ ഇത് സാധ്യമാവുമോ എന്നാണ് കണ്ടറിയേണ്ടത്.
പ്രമുഖ താരങ്ങളിൽ ഒരാൾ ടീം വിടുമ്പോൾ പെപ് ഗ്വാർഡിയോള പകരക്കാരനായി എത്തിക്കാൻ ആഗ്രഹിക്കുന്നതും ഒരു സൂപ്പർ താരത്തെ ആണെന്ന് ഫാബ്രിസിയോ അറിയിച്ചു. ക്രൊയേഷ്യൻ പ്രതിരോധ താരം ഗ്വാർഡിയോൾ ആണ് മാഞ്ചസ്റ്റർ സിറ്റി കണ്ണ് വെച്ചിട്ടുള്ള താരം. ലെപ്സിഗിൽ നിന്നും എത്തിക്കാൻ നൂറു മില്യൺ യൂറോയോളം മുടക്കേണ്ടി വരും എന്നതിനാൽ ടീമിൽ നിന്നും പല താരങ്ങളെയും അവർക്ക് ഒഴിവാക്കേണ്ടിയും വന്നേക്കാം. ഫിനാൻഷ്യൽ ഫെയർപ്ലെയുടെ പിടി വീഴാതിരിക്കാനും ടീം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനാൽ തന്നെ ലപോർടയുടെ കൈമാറ്റം സിറ്റിയെ സമ്പത്തിച്ച് നിർണായകവും ആവും.