പ്രതിരോധത്തിലെ ആണിക്കല്ലായിരുന്ന കൗലിബലിയെ ചെൽസി സ്വന്തമാക്കിയ ശേഷം പകരക്കാരെ കണ്ടെത്താൻ ഉള്ള നാപോളിയുടെ ശ്രമങ്ങൾ വിജയത്തിലേക്ക്. ഫെനർബാഷേയുടെ ദക്ഷിണ കൊറിയൻ താരമായ കിം മിൻ ജേയെ ടീമിൽ എത്തിക്കാനുള്ള നാപോളിയുടെ നീക്കങ്ങൾ അവസാനത്തോട് അടുത്തു കൊണ്ടിരിക്കുകയാണ്. താരത്തിന്റെ റിലീസ് ക്ലോസ് ആയ പത്തൊമ്പതര മില്യൺ യൂറോ നൽകാൻ നാപോളി സന്നദ്ധരാവുകയായിരുന്നു. അഞ്ച് വർഷത്തെ കരാർ ആണ് ഇരുപത്തഞ്ചുകാരന് മുന്നിൽ വെച്ചിരിക്കുന്നത്. മൂന്ന് വർഷം കഴിഞ്ഞു രണ്ടു വർഷത്തേക്ക് കൂടി നീട്ടാൻ സാധിക്കുന്ന തരത്തിലാണ് കരാർ. കൈമാറ്റ നടപടികൾ വരും ദിവസം തന്നെ പൂർത്തിയാക്കാൻ സാധിച്ചേക്കും.
2021 ലാണ് ചൈനീസ് ലീഗിൽ നിന്നും മൂന്ന് മില്യൺ യൂറോക്ക് കിംമ്മിനെ ഫെനെർബാഷേ സ്വന്തമാക്കുന്നത്. കരുത്തും വേഗതയും കൊണ്ട് എന്ത് കൊണ്ടും കൗലിബലിക്ക് പകരക്കാരനാണ് കിം എന്ന് നാപോളി കരുതുന്നു. ടർക്കിഷ് ലീഗിൽ ചെലവിട്ട ഒരെയൊരു സീസണിൽ ആകെ നാല്പതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. ഒരു ഗോളും സ്വന്തം പേരിൽ കുറിച്ചു.
നേരത്തെ ഫ്രഞ്ച് ലീഗിൽ നിന്നും റെന്നെയും താരത്തിന് പിറകെ ഉണ്ടായിരുന്നു. കിംമ്മുമായി ചർച്ചകൾ നടത്തി ഏകദേശ ധാരണയിലും എത്തിയിരുന്നു. എന്നാൽ നാപോളി ഈ പ്രതിരോധ താരത്തിന് വേണ്ടി കളത്തിൽ ഇറങ്ങിയതോടെ റെന്നെയുടെ നീക്കങ്ങൾ വിഫലമായി. ദേശിയ ടീമിന്റെ ജേഴ്‌സിയിൽ ഇതുവരെ നാല്പത് മത്സരങ്ങളും കിം കളിച്ചിട്ടുണ്ട്.