‘ഞങ്ങൾക്ക് ലുകാകുവിനെ വേണ്ട!’ ഗ്രൗണ്ട് കയ്യേറി യുവന്റസ് ആരാധകരുടെ പ്രതിഷേധം

Wasim Akram

ചെൽസിയുടെ ബെൽജിയം മുന്നേറ്റനിര താരം റോമലു ലുകാകുവിനെ സ്വന്തമാക്കാനുള്ള യുവന്റസ് ശ്രമങ്ങളിൽ കടുത്ത പ്രതിഷേധം ഉയർത്തി ആരാധകർ. പരിശീലന മത്സരത്തിന് എത്തിയ യുവന്റസ് ടീമിന്റെ മൈതാനം കയ്യേറിയ അവർ ‘ഞങ്ങൾക്ക് ലുകാകുവിനെ വേണ്ട!’ എന്ന ചാന്റ് ആവർത്തിച്ചു പാടുക ആയിരുന്നു. നേരത്തെ ‘ലുകാകു, മിലാനിൽ തുടരുക, ഞങ്ങൾക്ക് ഇതിനകം രണ്ടാം ഗോൾ കീപ്പർ ഉണ്ട്’ എന്ന ബാനറും യുവന്റസ് ആരാധകർ ഉയർത്തിയിരുന്നു.

ലുകാകു

ചെൽസി താരം ആയ ലുകാകു ലോൺ അടിസ്ഥാനത്തിൽ കഴിഞ്ഞ സീസണിൽ യുവന്റസിന്റെ ബദ്ധവൈരികൾ ആയ ഇന്റർ മിലാൻ ടീമിൽ ആണ് കളിച്ചത്. തങ്ങളുടെ മുൻ താരമായ ലുകാകുവിനെ നിലനിർത്താൻ ഇന്ററിന് താൽപ്പര്യം ഉണ്ടായിരുന്നു. എന്നാൽ അതിനു ഇടയിൽ ആണ് ഇന്ററിനെ വഞ്ചിച്ചു ലുകാകു യുവന്റസും ആയി ചർച്ചകൾ നടത്തിയത് എന്ന വാർത്തകൾ പുറത്ത് വന്നത്. തുടർന്ന് തങ്ങളെ ലുകാകു ചതിച്ചു എന്നു പരസ്യമായി പറഞ്ഞ ഇന്റർ താരത്തിനെ സ്വന്തമാക്കുന്നതിൽ നിന്നു പിന്മാറി. എന്നാൽ താരത്തെ യുവന്റസ് സ്വന്തമാക്കുന്നതിനു അവരുടെ ആരാധകരും കടുത്ത എതിർപ്പ് ആണ് ഉയർത്തുന്നത്.

ലുകാകു

കഴിഞ്ഞ സീസണിൽ യുവന്റസ് ആരാധകർ ലുകാകുവിനെ വംശീയമായി അവഹേളിച്ചിരുന്നു. നിലവിൽ തങ്ങളുടെ മുന്നേറ്റനിര താരം വ്ലാഹോവിചിനു ഒപ്പം പണവും നൽകിയാൽ ലുകാകുവിനെ വാങ്ങാം എന്ന നിലപാട് ആണ് യുവന്റസ് ചെൽസിക്ക് മുന്നിൽ വെച്ചത്. എന്നാൽ ഇതിൽ ചെൽസി തൃപ്തർ അല്ല. അതേസമയം ഏതെങ്കിലും തരത്തിൽ ലുകാകുവിനെ വിൽക്കാനുള്ള ശ്രമത്തിൽ ആണ് ചെൽസി. ആരാധകരുടെ വെറുപ്പ് സ്വന്തമാക്കി ലുകാകുവിനെ യുവന്റസ് വാങ്ങുമോ എന്നത് കണ്ടു തന്നെ അറിയണം.