മാഡ്രിഡിനോട് വിട, റൊണാൾഡോ ഇനി യുവന്റസിൽ

na

ക്രിസ്റ്റിയാനോ റൊണാൾഡോ ഇനി യുവന്റസിന് സ്വന്തം. 120 മില്യൺ യൂറോയോളം നൽകിയാണ് ഇറ്റാലിയൻ ചാമ്പ്യന്മാർ ലോക ഫുട്ബോളിലെ മികച്ച കളിക്കാരിൽ ഒരാളെ സ്വന്തമാക്കുന്നത്. ഇതിഹാസ പദവി മാഡ്രിഡിൽ അലങ്കരിച്ച റൊണാൾഡോ പക്ഷെ സമീപ കാലത്ത് റയൽ മാനേജ്മെന്റുമായി ഉണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് റയൽ വിടുന്നത്. സിദാനും റൊണാൾഡോയും പടി ഇറങ്ങിയതോടെ വരും നാളുകൾ റയലിന് നിർണായകമായി. 4 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.

ലിവർപൂളിനെ മറികടന്ന് ചാമ്പ്യൻസ് ലീഗ് നേടിയതിന് പിന്നാലെ റൊണാൾഡോ റയൽ വിടുമെന്ന് സൂചന നൽകുന്ന രീതിയിൽ അഭിമുഖം നൽകിയിരുന്നു. എന്നാൽ എല്ലാ വർഷത്തെയും പോലെ പതിവ് അഭ്യൂഹങ്ങൾക്ക് അപ്പുറം അതിന് ആരും വില കൽപിച്ചില്ല. പക്ഷെ റൊണാൾഡോയുടെ റിലീസ് ക്ലോസ് 100 മില്യൺ മാത്രമാക്കി റയൽ കുറച്ചതിന്റെ പിന്നാലെ യുവന്റസ് റയലിനെ സമീപിക്കുകയായിരുന്നു. താരം യുവന്റസുമായി നേരത്തെ കരാർ ഉണ്ടാക്കിയതായിട്ടാണ് വരുന്ന റിപ്പോർട്ടുകൾ. അടുത്ത ആഴ്ചയാണ് താരത്തിന്റെ മെഡിക്കൽ നടക്കുക

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് 2009 ൽ അന്നത്തെ ലോക റെക്കോർഡ് തുകയായ 80 മില്യൺ പൗണ്ടോളം റയൽ റൊണാൾഡോയെ സ്വന്തമാക്കിയത്. ഇറ്റലിയിലേക്ക് മാറുന്നതോടെ ഏതാണ്ട് 30 മില്യൺ യൂറോയോളം റൊണാൾഡോ ഒരു വർഷത്തിൽ ശമ്പള ഇനത്തിൽ സ്വന്തമാകും. കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു എങ്കിലും കഴിഞ്ഞ സീസണിൽ 44 ഗോളോളം നേടിയ റൊണാൾഡോ ഇറ്റാലിയൻ ജേതാക്കൾക്ക് വൻ മുതൽ കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial