ഫ്രഞ്ച് താരം ഹോസ്സേം ഔവ അടുത്ത സീസൺ മുതൽ എഎസ് റോമയിൽ പന്ത് തട്ടും. ലിയോൺ വിട്ട താരം ഫ്രീ ഏജന്റ് ആയാണ് ജോസ് മൗറീഞ്ഞോയുടെ ടീമിലേക്ക് എത്തുന്നത്. അഞ്ച് വർഷത്തെ കരാർ ആണ് ഇറ്റാലിയൻ ടീം താരത്തിന് നൽകിയിരിക്കുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ റോമയുടെ ആദ്യ സൈനിങ് ആണ് ഈ മധ്യനിര താരം. ടീം വിടുമെന്ന് നേരത്തെ ഉറപ്പിച്ച ഔവ, കഴിഞ്ഞ ദിവസം ലിയോൺ ടീമിനും ആരാധകർക്കും പിന്തുണക്ക് നന്ദി അറിയിച്ചിരുന്നു.
ഏപ്രിൽ ആദ്യ വാരങ്ങളിൽ തന്നെ ഹോസ്സേം ഔവയുമായി റോമ ചർച്ച നടത്തുന്ന വിവരം ഡി മാർസിയോ പുറത്തു വിട്ടിരുന്നു. ലിയോണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരത്തെ ഫ്രീ ഏജന്റ് ആയി ലഭിക്കുവാൻ നീണ്ട ടീമുകളുടെ നിര തന്നെ ഉണ്ടായിരുന്നു. ഫ്രാങ്ക്ഫെർട്, റയൽ ബെറ്റിസ് തുടങ്ങിയവരെ എല്ലാം പിന്തള്ളിക്കോണ്ട് ഇരുപതിനാലുകാരനുമായി ധാരണയിൽ എത്താൻ റോമക്കായി. ദിവസങ്ങൾക്ക് മുമ്പ് ഔദ്യോഗിക കരാറിലും ഒപ്പിടാൻ അവർക്കായി. 2016ൽ ലിയോണിലൂടെ സീനിയർ കരിയർ ആരംഭിച്ച ശേഷം 41 ഗോളും 34 അസിസ്റ്റും താരം നേടിയിട്ടുണ്ട്. മധ്യനിരയിൽ പല സ്ഥാനങ്ങളിലും ഒരുപോലെ കളിക്കാനും സാധിക്കുമെന്നത് താരത്തിന്റെ പ്രത്യേകതയാണ്.