ഹാരി കെയ്ൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിടും എന്ന് ഉറപ്പായി. താരത്തെ വിൽക്കാൻ സ്പർസും ബയേണും തമ്മിൽ ധാരണയിൽ എത്തിയതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ടോട്ടനം ഹോട്‌സ്പർ താരവും ഇംഗ്ലീഷ് ക്യാപ്റ്റനും ആയ ഹാരി കെയിനെ സ്വന്തമാക്കാനായി 110 മില്യണു മുകളിലാണ് ബയേൺ ചിലവഴിക്കുന്നത്. ബയേണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ആകും ഇത്.
നേരത്തെ ബയേണിന്റെ ഒരു വലിയ ബിഡ് സ്പർസ് നിരസിച്ചിരുന്നു. അതിനു പിന്നാലെ നടത്തിയ ചർച്ചയിലാണ് അവസാനം ഒരു തീരുമാനത്തിൽ ഇരു ക്ലബുകളും എത്തിയത്. ഒരു കൊല്ലം മാത്രം ഇംഗ്ലീഷ് ക്ലബിൽ കരാർ ബാക്കിയുള്ള കെയ്നിനെ നല്ല ഓഫർ വന്നാൽ വിൽക്കും എന്നായിരുന്നു സ്പർസ് ഉടമ ലെവിയുടെ തുടക്കത്തിലെ ഉള്ള തീരുമാനം.
കെയ്ൻ ഒരു വർഷം കൂടെ തുടർന്നാൽ സ്പർസിന് ഫ്രീ ഏജന്റായി താരത്തിനെ നഷ്ടമാകും. അതും ലെവിയെ ഈ തീരുമാനത്തിൽ എത്താൻ പ്രേരിപ്പിച്ചു. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നിവർ കെയ്നിനായി താല്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും ബയേൺ മാത്രമാണ് കെയ്നിനായി രംഗത്ത് വന്നത്. സ്പർസിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയ കെയ്ൻ ക്ലബിനൊപ്പം ഒരു കിരീടം നേടാൻ ആകുന്നില്ല എന്നത് കൊണ്ടാണ് ക്ലബ് വിടാൻ ശ്രമിക്കുന്നത്. സ്പർസിനായി 213 ഗോളുകൾ കെയ്ൻ നേടിയിട്ടുണ്ട്.