മാഞ്ചസ്റ്റർ സിറ്റി വിടുന്ന ഐകയ് ഗുണ്ടോഗന്റെ അടുത്ത തട്ടകം എഫ്സി ബാഴ്‌സലോണ തന്നെ. രണ്ടു വർഷത്തെ കരാർ ആണ് സിറ്റി ക്യാപ്റ്റൻ ബാഴ്‌സയിൽ ഒപ്പിട്ടത്. ഇത് മറ്റൊരു സീസണിലേക്ക് കൂടി നീട്ടാനുള്ള സാധ്യതയും ഉണ്ടാകും. താരം മ്യൂണിച്ചിൽ മെഡിക്കൽ പരിശോധനക്ക് വിധേയനായി കൈമാറ്റത്തിന്റെ നടപടികൾ പൂർത്തിയാക്കിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. മാത്യു അലമാനി അടക്കം ടീം ഭാരവാഹികൾ മ്യൂണിക്കിൽ എത്തിയാണ് ഇന്ന് തന്നെ നടപടികൾ പൂർത്തിയാക്കിയത്.
സിറ്റിയുടെ പുതിയ കരാറും പ്രിമിയർ ലീഗിൽ നിന്നു തന്നെയുള്ള ഓഫറുകളും മറികടന്ന് ഗുണ്ടോഗനെ എത്തിക്കാൻ കഴിഞ്ഞത് ബാഴ്‌സലോണക്ക് വലിയ നേട്ടമായി. ദീർഘകാല കരാർ നൽകാൻ സിറ്റി തയ്യാറാവാതിരുന്നതും നിർണായകമായി. ലാ ലീഗയിൽ രെജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന ടീമിന്റെ ഉറപ്പ് കിട്ടിയ ശേഷം മാത്രമാണ് താരം കരാറിൽ ഒപ്പിട്ടത്. വരുമാനത്തിലും കാര്യമായ കുറവ് ജർമൻ താരം വരുത്തിയിട്ടുണ്ട്. മാസങ്ങളായി മുപ്പതിരണ്ടുകാരന് പിറകെ ഉണ്ടായിരുന്ന ബാഴ്‌സക്ക് സെർജിയോ ബുസ്ക്വറ്റ്സിന്റെ വിടവാങ്ങലിന് ശേഷം മധ്യനിരയിലേക്ക് മറ്റൊരു ലോകോത്തര താരത്തെ എത്തിക്കാൻ കഴിഞ്ഞതും ആശ്വാസമാണ്. കോവസിച്ചിന്റെ വരവോടെ തങ്ങളുടെ മുഖ്യ താരങ്ങളിൽ ഒരാളുടെ വിടവാങ്ങലിനെ നേരിടാൻ സിറ്റിയും നേരത്തെ തന്നെ തയ്യാറെടുത്തിരുന്നു. നേരത്തെ ഇനിഗോ മർട്ടിനസുമായും കരാറിൽ ഒപ്പിട്ട ബാഴ്‌സ ട്രാൻസ്ഫർ വിൻഡോയിൽ എത്തിക്കുന്ന രണ്ടാമത്തെ താരമാണ് ഗുണ്ടോഗൻ.
Download the Fanport app now!