ആരുമായും ധാരണയില്ല, ഗുണ്ടോഗന്റെ ഭാവി സീസണിന് ശേഷം അറിയാം; വെളിപ്പെടുത്തി താരത്തിന്റെ ഏജന്റ്

Nihal Basheer

മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഗുണ്ടോഗന്റെ ഭാവിയെ കുറിച്ച് സംസാരിച്ച് താരത്തിന്റെ ഏജന്റ്. ഒരു ടീമുമായും ഇതുവരെ ധാരണയിൽ എത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. താരത്തിന്റെ നിലവിലെ ശ്രദ്ധ സിറ്റിയിൽ മാത്രമാണെന്ന് ഏജന്റ് ചൂണ്ടിക്കാണിച്ചു. അതേ സമയം അടുത്ത സീസണിൽ താരത്തെ ഏതു ക്ലബ്ബിൽ കാണാൻ ആവുമെന്നത് ഇപ്പോൾ പറയാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

20230330 193346

ഗുണ്ടോഗന്റെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കുകയാണ്. ഫ്രീ ഏജന്റ് ആയി മാറുന്ന താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണ ആണ് മുൻപന്തിയിൽ ഉണ്ടായിരുന്നത്. താരവുമായി ബാഴ്‍സ ധാരണയിൽ എത്തിയിട്ടുണ്ട് എന്ന തരത്തിൽ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അതെല്ലാം നിരാകരിച്ചാണ് ഗുണ്ടോഗന്റെ എജെന്റിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ വന്നിരിക്കുന്നത്. എവിടെ കളിക്കണം എന്നത് പൂർണമായും താരത്തിന്റെ മാത്രം തീരുമാനം ആവും. മാഞ്ചസ്റ്റർ സിറ്റിയും ഗുണ്ടോഗന്റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് നേരത്തെ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു. താരത്തിന് പുതിയ കരാർ നൽകാൻ സിറ്റിക്ക് പൂർണസമ്മതമാണ്. ഫ്രീ ഏജന്റ് ആയി അനുഭവസമ്പന്നനായ താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് നേട്ടം ആവും എന്നാണ് ബാഴ്‌സയുടെ കണക്ക് കൂട്ടൽ.