മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ആയ മേസൺ ഗ്രീൻവുഡിനെ സ്വന്തമാക്കാനായി നാപോളിയും രംഗത്ത്. നാപോളി മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ ആരംഭിച്ചു. ഫ്രഞ്ച് ക്ലബായ മാഴ്സെ താരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് നിൽക്കെ ആണ് നാപോളി രംഗത്ത് എത്തുന്നത്. നാപോളിയുടെ ഔദ്യോഗിക ബിഡ് വന്നിട്ടില്ല. ഇപ്പോൾ നാപോളി, മാഴ്സെ, ലാസിയോ എന്നീ ക്ലബുകളാണ് ഗ്രീൻവുഡിനായി രംഗത്ത് ഉള്ളത്.
30 മില്യൺ ആണ് മാഴ്സെ ഓഫർ ചെയ്തിരിക്കുന്ന ട്രാൻസ്ഫർ തുക. വലിയ സെൽ ക്ലോസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ കരാറിൽ വെക്കുകയും ചെയ്യും. ഗ്രീൻവുഡിനെ ഭാവിയിൽ മാഴ്സെ വിൽക്കുമ്പോൾ ട്രാൻസ്ഫർ ലാഭത്തിന്റെ 40% മാഞ്ചസ്റ്റർ യുണൈറ്റഡിനു ലഭിക്കുന്ന തലത്തിലാകും ക്ലോസ്. നാപോളിയോടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതേ ക്ലോസ് ഉൾപ്പെടുത്താൻ ആവശ്യപ്പെടും. ഏത് ക്ലബിലേക്ക് ആണ് പോകുന്നത് എന്നതിൽ ഗ്രീൻവുഡ് ആകും അന്തിമ തീരുമാനം എടുക്കുക.
ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. വിൽക്കാൻ ആയില്ല എങ്കിൽ താരത്തെ ഒരിക്കൽ കൂടെ ലോണിൽ അയക്കാനും യുണൈറ്റഡ് തയ്യാറാണ്. കഴിഞ്ഞ സീസണിൽ ലാലിഗ ക്ലബായ ഗെറ്റഫെയിൽ ലോണിൽ കളിച്ച ഗ്രീൻവുഡ് അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 33 മത്സരങ്ങൾ കളിച്ച ഗ്രീൻവുഡ് 8 ഗോളുകൾ നേടുകയും 6 അസിസ്റ്റ് ഒരുക്കുകയും ചെയ്തു.