സൗദി ക്ലബ്ബ് അൽ-ഇത്തിഫാഖിന്റെ പരിശീലകനാകാനുള്ള ഓഫർ സ്വീകരിക്കില്ലെന്ന് അറിയിച്ച് സ്റ്റീവൻ ജെറാർഡ്. മുൻ ആസ്റ്റൻ വില്ല കോച്ച് കൂടിയായ ഇതിഹാസ താരത്തിന് മുന്നിൽ സൗദി ക്ലബ്ബ് വമ്പൻ ഓഫർ സമർപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് – മസിഡോണിയ മത്സരത്തിന്റെ ഭാഗമായി ടെലിവിഷനിൽ സംസാരിക്കവെയാണ് ജെറാർഡ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതോടെ മുൻ ലിവർപൂൾ താരം സൗദി പ്രോ ലീഗിലേക്ക് ഇല്ലെന്ന് ഉറപ്പാവുകയാണ്.
തന്നെ ഈ ഓഫർ പരിഗണിക്കുന്നതിനു വേണ്ടി ക്ലബ്ബ് ക്ഷണിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു, “ഓഫർ വിശദീകരിക്കുന്നതിന് വേണ്ടി അവർ ക്ഷണിച്ചിരുന്നു. പിന്നീട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഓഫറിനെ കുറച്ചു ഞാൻ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ നിലവിൽ അത് സ്വീകരിക്കേണ്ട എന്നു തന്നെയാണ് തീരുമാനം”. മീഡിയയിൽ ധാരാളം വാർത്തകൾ വരുമെന്നും എന്നാൽ കൂടുതലും കഴമ്പില്ലാത്തത് ആവുമെന്നും ജെറാർഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം തന്നെ സൗദി ക്ലബ്ബിന്റെ ഓഫർ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ കാര്യത്തിൽ വ്യക്തത വന്നിരിക്കുകയാണ്.