മുന്നേറ്റ താരം അലക്‌സാണ്ടർ മിത്രോവിച്ചിന് വേണ്ടി അൽ ഹിലാലിന്റെ ശ്രമം. മുപ്പത് മില്യൺ യൂറോയുടെ ഓഫർ അവർ ഫുൾഹാമിന് മുന്നിൽ സമർപ്പിച്ചെങ്കിലും ഇംഗ്ലീഷ് ടീം ഇത് അംഗീകരിക്കില്ലെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. മികച്ച ഓഫർ വന്നാൽ ഇത്തവണ ടീം വിടാൻ തന്നെയാണ് ഇരുപതിയെട്ടുകാരന്റെ തീരുമാനം എന്നാണ് സൂചന. എന്നാൽ കഴിഞ്ഞ സീസണുകളിൽ ടീമിനായി ഗോൾ അടിച്ചു കൂട്ടി കൊണ്ടിരിക്കുന്ന താരത്തെ ഉയർന്ന തുകക്ക് മാത്രമേ കൈമാറൂ എന്ന നിലപാടിലാണ് ഫുൾഹാം.
നേരത്തെ അൽ ഹിലാൽ ആദ്യം നോട്ടമിട്ട മുന്നേറ്റ താരം ലുക്കാകു യൂറോപ്പിൽ തന്നെ തുടരുമെന്ന തീരുമാനം എടുത്തതോടെയാണ് മറ്റ് സാധ്യതകളിലേക്ക് അൽ ഹിലാൽ തിരിഞ്ഞത്. ഡിഫെൻസിൽ കൂലിബാലി, മധ്യനിരയിൽ റൂബൻ നേവെസ് എന്നിവരെയും അൽ ഹിലാൽ പ്രീമിയർ ലീഗിൽ നിന്നും എത്തിച്ചിരുന്നു. ഇതിന് പിറകെയാണ് മിത്രോവിച്ചിനേയും നോട്ടമിടുന്നത്. ദേശിയ ടീമിൽ മിത്രോവിച്ചിന്റെ സഹതാരമായ സാവിച്ചിനെ എത്തിക്കുന്നതിന്റെ പടിവാതിൽക്കൽ ആണ് ഹിലാൽ. അതിനു ശേഷമാകും ഫുൾഹാം താരത്തിന് വേണ്ടിയുള്ള നീക്കങ്ങൾ ശക്തമാക്കുക. കഴിഞ്ഞ സീസണിൽ ഫുൾഹാമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരം മുൻപ് ചാമ്പ്യൻഷിപ്പിലും മിന്നുന്ന പ്രകടനത്തോടെ ടീമിന്റെ പ്രീമിയർ ലീഗിലേക്കുള്ള സ്ഥാനക്കയറ്റത്തിൽ നിർണായക പങ്കു വഹിച്ചു.
Download the Fanport app now!