ലാറ്റിനമേരിക്കയിൽ നിന്നും, പ്രത്യേകിച്ചു ബ്രസീലിൽ നിന്നും പ്രതിഭാസമ്പന്നരായ യുവതാരങ്ങളെ പ്രീമിയർ ലീഗ് ടീമുകൾ റാഞ്ചി കൊണ്ട് വരുന്ന കാഴ്ച്ച സാധാരണയായിരിക്കുകയാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ. പുതുതായി ഫുൾഹാം ആണ് മറ്റൊരു ബ്രസീലിയൻ യുവതാരത്തെ എത്തിക്കാൻ ശ്രമിക്കുന്നത്. ഫ്ലുമിനൻസെ താരം ആന്ദ്രേ ട്രിണ്ടാഡെയാണ് ഫുൾഹാമിന്റെ നോട്ടപ്പുള്ളിയായ താരം. ദിവസങ്ങൾക്ക് മുൻപ് ഇംഗ്ലീഷ് ടീം സമർപ്പിച്ച ഓഫർ ഫ്ലുമിനെൻസെ തള്ളിയിരുന്നു. അത് കൊണ്ട് പുതിയൊരു ഓഫറുമായി വീണ്ടും ബ്രസീലിയൻ ടീമിനെ സമീപിച്ചിരിക്കുകയാണ് ഫുൾഹാം. ലോണിൽ താരത്തെ എത്തിക്കാനാണ് അവരുടെ ശ്രമം. പിന്നീട് ആന്ദ്രേയെ സ്വന്തമാക്കും. ഇരുപത് മില്യൺ യൂറോയോളമാകും കൈമാറ്റ തുക.
എന്നാൽ ഓഫർ ഫ്ലുമിനെൻസ് അംഗീകരിക്കുമോ എന്നുറപ്പില്ല. ചർച്ചകൾ മുന്നോട്ടു കൊണ്ടു പോകാൻ താരത്തിന്റെ ഏജന്റ് ഇംഗ്ലണ്ടിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഫിനാൻഷ്യൽ ഫെയർപ്ലേ വിലങ്ങു തടിയാവാതിരിക്കാൻ കൂടിയാണ് ആന്ദ്രേയെ ലോണിൽ എത്തിക്കാൻ ഫുൾഹാം ശ്രമിക്കുന്നത് എന്നാണ് സൂചന. മധ്യനിരയിൽ ഡിഫെൻസിവ് മിഡ്ഫീല്ഡർ ആയും സെൻട്രൽ മിഡ്ഫീൽഡർ ആയും കളിക്കാൻ കഴിവുള്ള ഇരുപത്തിയൊന്നുകാരൻ, 2020 മുതൽ ഫ്ലുമിനെൻസെ സീനിയർ ടീമിനോടൊപ്പമുണ്ട്. ഇതുവരെ നൂറോളം മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകളും കുറിച്ചു.